

കൊച്ചി: ദലിത് ക്രൈസ്തവരോട് കത്തോലിക്ക സഭാ നേതൃത്വം അനുവര്‍ത്തിച്ചുവരുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദുഃഖവെള്ളിദിനത്തില്‍ കെ സി ബി സി ആസ്ഥാനത്തേയ്ക്ക് കുരിശിന്റെ വഴി നടത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സമിതിയോഗം തീരുമാനിച്ചു.

രാജ്യം റിപ്പബ്ലിക്കായ കാലം മുതല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളില്‍നിന്നും ദലിത് ക്രൈസ്തവരെ അകറ്റി നിറുത്തുക മാത്രമല്ല സഭയുടെ സ്ഥാപനങ്ങളില്‍ ഈ വിഭാഗത്തെ സമ്പൂര്‍ണ്ണമായും തിരസ്‌കരിച്ചിരിക്കുകയാണെന്നും ജെ സി സി കുറ്റപ്പെടുത്തി. സഭാ നേതൃത്വത്തിന് നിരന്തരമായി നല്‍കി വന്നിരുന്ന നിവേദനങ്ങള്‍ക്കൊടുവില്‍ 2016ല്‍ ദേശീയ മെത്രാന്‍ സമിതി, ദലിത് ക്രൈസ്തവരോട് സഭാസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാനും തൊഴില്‍ മേഖലയിലും വിദ്യാഭാസ മേഖലയിലും അര്‍ഹമായ പരിഗണന നല്‍കുവാനും ഔദ്യോഗികമായി തീരുമാനമെടുത്തതാണ്. മറ്റുപല സംസ്ഥാനങ്ങളും തീരുമാനം നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ കേരള മെത്രാന്‍ സമിതി ഈ തീരുമാനത്തോട് പൂര്‍ണ്ണമായും മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. പ്രശ്‌നം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് പലയാവര്‍ത്തി നിവേദനങ്ങള്‍ നല്‍കിയിട്ടും കെ സി ബി സി കല്ലിന് കാറ്റുപിടിച്ച അവസ്ഥയില്‍ തുടരുന്നതാണ് പരസ്യപ്രതിഷേധത്തിലേക്ക് വിശ്വാസികളെ തള്ളിവിട്ടത്.

മനുഷ്യത്വ രഹിതമായ സഭാനിലപാടിനെതിരെയാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ യേശുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് ദുഃഖവെള്ളി ദിനത്തില്‍ തന്നെ കുരിശുകളും വഹിച്ചുകൊണ്ട് പ്രതിഷേധ യാത്ര നടത്തുന്നത്.
18ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലാരിവട്ടം കവലയില്‍നിന്നും ആരംഭിക്കുന്ന യാത്ര ആലിന്‍ചുവടുള്ള സംസ്ഥാന മെത്രാന്‍ സമിതി കാര്യാലയത്തിനുമുന്നില്‍ അവസാനിക്കുകയും അവിടെവച്ച് പ്രതിഷേധ സമ്മേളനം നടത്തുകയും ചെയ്യും
ജെ സി സി പ്രസിഡന്റ് ജോസഫ് വെളിവില്‍ അധ്യക്ഷത വഹിച്ച സംസ്ഥാനസമിതി യോഗത്തില്‍ ഫെലിക്‌സ് ജെ പുല്ലൂടന്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോസഫ് പനമൂടന്‍, ജോണ്‍ പുളിന്താനം, സ്റ്റാന്‍ലി പൗലോസ്, ലോനപ്പന്‍ കോനുപറമ്പന്‍, ജോണ്‍ ചെല്ലാനം, ജോസഫ് സയണ്‍, പി ജെ മാത്യു, ഷാജി ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.

