

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ കുന്നുംപുറം- എസ് എന്‍ പുരം സബ് സെന്റര്‍ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നാട മുറിച്ചു ഉദ്ഘാടനം നടത്തി.

സബ് സെന്ററില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹന്നത്ത് എം നന്ദിയും പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, റൂബി ജിജി, അംഗങ്ങളായ പി എസ് യൂസഫ്, സി പി നൗഷാദ്, രാജേഷ് പുത്തനങ്ങാടി, രമണന്‍ ചേലാക്കുന്ന്, ലൈല അബ്ദുല്‍ ഖാദര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില ജോര്‍ജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മധു കെ പീറ്റര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷെരീഫ് കെ എം, ഷീജ മോള്‍, ബ്ലോക്ക് പി ആര്‍ ഒ ബിനി ജിജോ എന്നിവര്‍ പ്രസംഗിച്ചു.

നിലവിലുള്ള സബ് സെന്റര്‍ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതോടെ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ തുറന്നു പ്രവര്‍ത്തിക്കുന്നതും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റേയും മിഡില്‍ ലെവല്‍ സര്‍വ്വീസ് പ്രൊവൈഡറുടെയും സേവനം ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടാകും.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെയും ഉച്ചക്കുമായി പോഷണ സേവനം, വയോജന ക്ലിനിക്ക്, പാലിയേറ്റീവ് ക്ലിനിക്ക്, കുട്ടികള്‍ക്കുള്ള ക്ലിനിക്ക്, ജീവിത ശൈലി രോഗ നിര്‍ണയ ക്ലിനിക്ക്, കൗണ്‍സിലിംങ്ങ്, ഗര്‍ഭിണി, പ്രസവാനന്തരം, സ്ത്രീ സൗഹൃദ ക്ലിനിക്ക്, കൗമാരക്കാരായ കുട്ടികള്‍ക്കുള്ള ക്ലിനിക്ക് എന്നിവ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടാകുന്നതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹന്നത്ത് എം അറിയിച്ചു.
അന്‍വര്‍ സാദത്ത് എം എല്‍ എയുടെ 2015- 2016 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചു അഞ്ച് വര്‍ഷം മുമ്പ് സ്റ്റാഫ് ക്വാട്ടേഴ്‌സ് സൗകര്യത്തോടെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി പണിതതാണ് ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ സബ് സെന്റര്‍.

