
ദോഹ: പ്രവാസികള്‍ക്കിടയിലെ കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ക്യു ട്രാക്ക് കലാകുടുംബം സംഘടിപ്പിക്കുന്ന ‘സല്ലാപ സരിഗമ’ സംഗീത വിരുന്ന് മെയ് 7ന് വ്യാഴാഴ്ച ഗള്‍ഫ് സിനിമയ്ക്ക് സമീപമുള്ള ഐ ബാക്ക് റെസ്റ്റോറന്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം ആറു മണി മുതല്‍ ആരംഭിക്കുന്ന ഗാനമേളയില്‍ ജി സി സിയിലെ പ്രമുഖ ഗായകന്‍ റിയാസ് കരിയാട് മുഖ്യാഥിതിയായിരിക്കും. ശര്‍ബീന കാലിക്കറ്റ്, റിയാസ് തൃശൂര്‍, ഇ വി റഹിം, ഷഫീക് മാളിയേക്കല്‍ തുടങ്ങിയ ഗായകര്‍ വിവിധ ഭാഷാഗാനങ്ങള്‍ ആലപിക്കും.

കഴിഞ്ഞ വര്‍ഷം ജൂലയ് 11ന് രൂപീകരിച്ച സംഘടനയുടെ പതിനഞ്ചാമത് പ്രോഗ്രാമാണിത്. ഓാള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ നടന്ന പ്രഥമ പരിപാടിയില്‍ 60ല്‍പരം ഗായകര്‍ക്കാണ് വേദിയൊരുക്കിയത്.
അംഗങ്ങള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ക്യു ട്രാക്ക് ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കായി വാരാന്ത്യങ്ങളില്‍ സംഗീത നിശകള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
നാട്ടിലെ പ്രമുഖരായ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവേശന പാസുകളില്ലാതെ സൗജന്യമായി സ്റ്റേജ് ഷോ ആസൂത്രണം ചെയ്തുവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
കറി ലീവ്‌സ് റെസ്റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്യു ട്രാക്ക് പ്രസിഡന്റ് ഇ വി റഹീം, ജനറല്‍ സെക്രട്ടറി സമീര്‍ സൂപ്പി ബി എം, ഉപദേശക സമിതി ചെയര്‍മാന്‍ അഹമ്മദ് കുട്ടി, ഗായിക ശര്‍ബീന കാലിക്കറ്റ്, അജിനാസ് കായക്കൊടി എന്നിവര്‍ പങ്കെടുത്തു.

