കാനഡയിലെ സര്‍വീസ് ശൃംഖല വിപുലീകരിച്ച് ഖത്തര്‍ എയര്‍വേയ്സ്; പോര്‍ട്ടര്‍ എയര്‍ലൈന്‍സുമായി കോഡ്ഷെയര്‍ കരാര്‍

Web Desk
1 Min Read

ദോഹ: കാനഡയിലെ സര്‍വീസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി പോര്‍ട്ടര്‍ എയര്‍ലൈന്‍സുമായി പുതിയ കോഡ്ഷെയര്‍ കരാറില്‍ ഒപ്പുവെച്ചതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഇതോടെ കാനഡയ്ക്കുള്ളിലെ കൂടുതല്‍ നഗരങ്ങളിലേക്ക് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ കണക്ഷന്‍ വിമാനങ്ങള്‍ ലഭ്യമാകും. യാത്രാ സൗകര്യങ്ങളും ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം.

city exchange

കരാറിന്റെ ഭാഗമായി പോര്‍ട്ടര്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന തെരഞ്ഞെടുത്ത വിമാനങ്ങളില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ കോഡ് ഉള്‍പ്പെടുത്തും. നിലവില്‍ ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തുന്ന കാനഡയിലെ പ്രധാന കേന്ദ്രങ്ങളായ ടൊറന്റോ, മോണ്‍ട്രിയല്‍ എന്നിവിടങ്ങള്‍ക്കപ്പുറത്തേക്കും യാത്രക്കാര്‍ക്ക് തുടര്‍യാത്രാ സൗകര്യം ഇതിലൂടെ ലഭിക്കും.

കാനഡയിലെ ആഭ്യന്തര സര്‍വീസുകള്‍ വിപുലീകരിച്ചുകൊണ്ടിരിക്കുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സിന്റെ ശൃംഖല പ്രയോജനപ്പെടുത്തി എഡ്മന്റണ്‍, ഹാലിഫാക്‌സ്, ഒട്ടാവ, സെന്റ് ജോണ്‍സ്, തണ്ടര്‍ ബേ തുടങ്ങിയ നഗരങ്ങളിലേക്കും യാത്രാസൗകര്യം ഒരുക്കും.

കാനഡയില്‍നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും പുതിയ കരാര്‍ കൂടുതല്‍ തെരഞ്ഞെടുപ്പുകളും സൗകര്യപ്രദമായ യാത്രാ ക്രമീകരണങ്ങളും സാധ്യമാക്കും. ടൊറന്റോ, മോണ്‍ട്രിയല്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ദോഹയിലെ പുരസ്‌കാരങ്ങള്‍ നേടിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തര്‍ എയര്‍വേയ്സിന്റെ ആഗോള സര്‍വീസുകളുമായി ബന്ധപ്പെടാം.

- Advertisement -
Ad image

ഡല്‍ഹി, മനില, ദുബൈ, അഡിസ് അബാബ എന്നിവയുള്‍പ്പെടെ ലോകത്തെ 170ലേറെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദോഹ വഴി തുടര്‍യാത്ര നടത്താനാകും.

കാനഡയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ടൊറന്റോയിലേക്കും മോണ്‍ട്രിയലിലേക്കും ഖത്തര്‍ എയര്‍വേയ്സ് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതോടെ ആഴ്ചയില്‍ ആകെ 14 വിമാന സര്‍വീസുകളാണ് ഇരു നഗരങ്ങളിലേക്കുമായി ലഭ്യമാകുന്നത്.

പോര്‍ട്ടര്‍ എയര്‍ലൈന്‍സുമായുള്ള പുതിയ പങ്കാളിത്തം ഖത്തര്‍ എയര്‍വേയ്സിന്റെ രാജ്യാന്തര പങ്കാളിത്ത ശൃംഖലയ്ക്ക് കൂടുതല്‍ കരുത്തേകും. കാനഡയിലെ വിവിധ നഗരങ്ങളില്‍നിന്ന് ഖത്തര്‍ വഴിയുള്ള ആഗോള യാത്രകള്‍ കൂടുതല്‍ സുഗമമാക്കാനും യാത്രക്കാര്‍ക്ക് വിപുലമായ കണക്ഷന്‍ സൗകര്യങ്ങള്‍ ഒരുക്കാനും കരാര്‍ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!