പൊതുസുരക്ഷയും ഗാര്‍ഹിക സുരക്ഷയും ശക്തിപ്പെടുത്താന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധം: പൊതുസുരക്ഷാ ഡയറക്ടര്‍ ജനറല്‍

Web Desk

ദോഹ: പൊതുജനങ്ങളില്‍ സുരക്ഷാബോധം വര്‍ധിപ്പിക്കുന്നതിനും വീടുകളില്‍ സുരക്ഷാ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുസുരക്ഷാ ഡയറക്ടര്‍ ജനറലും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ മേജര്‍ ജനറല്‍ മുഹമ്മദ് ജാസിം അല്‍ സുലൈത്തി പറഞ്ഞു. ദുരന്തസാധ്യതകള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തുകയും പൊതുസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതില്‍ കൗണ്‍സില്‍ നിര്‍ണായക പങ്കുവഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

city exchange

അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍ സുരക്ഷിതമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും അപകടങ്ങള്‍ തടയുന്നതിനും അവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലും കുടുംബങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അല്‍ സുലൈത്തി ചൂണ്ടിക്കാട്ടി.

അപകടങ്ങള്‍ സംഭവിച്ചശേഷം പ്രതികരിക്കുന്നതിനുപകരം അവ മുന്‍കൂട്ടി തടയുന്നതിനും നേരിടുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സുരക്ഷാസംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനത്തിന്റെ ‘പ്രതിരോധശേഷിയുടെ തുടക്കം വീട്ടില്‍നിന്ന്’ എന്ന പ്രമേയം, സമൂഹത്തിന്റെ സുരക്ഷയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയും വര്‍ധിപ്പിക്കുന്നതില്‍ കുടുംബങ്ങളുടെ പങ്ക് ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുരന്തസാധ്യതാ ലഘൂകരണത്തിനായുള്ള 2015- 2030 സെന്‍ഡായ് ചട്ടക്കൂടിന്റെ ലക്ഷ്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും ഖത്തര്‍ അന്താരാഷ്ട്രതലത്തില്‍ പിന്തുണ നല്‍കുന്നതായും അല്‍ സുലൈത്തി വ്യക്തമാക്കി. ദുരന്തസാധ്യതകള്‍ കുറയ്ക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവെക്കുക, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശേഷികള്‍ വികസിപ്പിക്കുക എന്നിവ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ ജനറലും കൗണ്‍സില്‍ അംഗവുമായ മേജര്‍ ജനറല്‍ ഹമദ് ഒത്മാന്‍ അല്‍ ദുഹൈമിയും ദുരന്തസാധ്യതകള്‍ നേരിടുന്നതില്‍ പ്രതിരോധ നടപടികള്‍ക്കും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്ന് പറഞ്ഞു.

അപകടങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ പ്രാപ്തമായ, സുരക്ഷാബോധവും പ്രതിരോധശേഷിയുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വര്‍ധിപ്പിക്കാന്‍ ഈ ദിനാചരണം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിനും അവ നേരിടുന്നതിനുമുള്ള നടപടികളെക്കുറിച്ച് കുടുംബങ്ങളില്‍ ബോധവത്ക്കരണം നടത്തുകയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന ശീലങ്ങള്‍ വളര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് പ്രതിരോധ- സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പും പ്രതികരണശേഷിയും വര്‍ധിപ്പിക്കുന്നതിനും നിരന്തരം പ്രവര്‍ത്തിച്ചുവരികയാണെന്ന് അല്‍ ദുഹൈമി കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തസാധ്യതകള്‍ കുറയ്ക്കുക എന്നത് ബന്ധപ്പെട്ട അധികാരികളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും വ്യക്തികളും കുടുംബങ്ങളും ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാനിര്‍ദേശങ്ങളെക്കുറിച്ചുള്ള അറിവും അവ പാലിക്കാനുള്ള പ്രതിബദ്ധതയും സമൂഹത്തിന്റെ സുരക്ഷയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള സന്നദ്ധതയും വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകോപിതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ കാര്യക്ഷമമായും ഫലപ്രദമായും പ്രതികരിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുമെന്നും അല്‍ ദുഹൈമി പറഞ്ഞു. ദുരന്തങ്ങള്‍ തടയുന്നതിനും അവയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തുടര്‍ച്ചയായി ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!