ഖത്തര്‍ ദേശീയ ദിനാഘോഷ ലോഗോ ഉപയോഗത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

Web Desk
2 Min Read

ദോഹ: ഖത്തര്‍ ദേശീയദിനം 2021ന്റെ ലോഗോയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ദേശീയദിനാഘോഷ സംഘാടക സമിതി പുറത്തിറക്കി. ഖത്തര്‍ ദേശീയതയുടെ ശക്തമായ ഐക്യവും വിശ്വസ്തതയും അഭിമാനവുമാണ് ദേശീയ ദിനത്തിന്റെ ദേശീയ വീക്ഷണം. പ്രചോദനം, പങ്കാളിത്തം, പുതുമ തേടല്‍, സുതാര്യത തുടങ്ങിയ മൂല്യത്തിലൂന്നിയാവും ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുക.
ദേശീയാഭിമാനത്തിന്റെ തുടര്‍ച്ചയും സുസ്ഥിരതയും ഖത്തര്‍ സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍താനിയുടെ ധാര്‍മികതയും ചിന്തയും ദേശീയ അടയാളങ്ങളും ഖത്തരി സമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കാനും ഖത്തറിന്റെ മികച്ച മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ലക്ഷ്യമിട്ടാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.

city exchange

ഖത്തറിന്റെ ചരിത്രവും സംസ്‌ക്കാരവും പരിചയപ്പെടുത്താനും യുവതയില്‍ ഐക്യവും വിശ്വസ്തതയും സത്യസന്ധതയും പ്രകടിപ്പിക്കുന്ന സാംസ്‌ക്കാരികത വളര്‍ത്തിയെടുക്കാനും പാരമ്പര്യത്തിലും സംക്കാരത്തിലുമൂന്നിയ പരിപാടികള്‍ സംഘടിപ്പിക്കാനുമാണ് ദേശീയ ദിനത്തില്‍ ഊന്നല്‍ നല്കുന്നത്.
ഭൂതകാലത്തെ വര്‍ത്തമാനവുമായി ബന്ധപ്പെടുത്തുകയും മൂല്യങ്ങളും ചരിത്രവും കൈമാറുകയും ചെയ്യുകയെന്നതും ദേശീയ ദിനാഘോഷത്തിന്റെ ലക്ഷ്യങ്ങളിലുള്‍പ്പെടുന്നു.
ഖത്തര്‍ പതാകയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഖത്തര്‍ ദേശീയ ദിനാഘോഷ ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്. ഒന്നിലേറെ കൈകള്‍ ഒരുമിച്ച് ഖത്തരി പതാക ഉയര്‍ത്തുന്നതില്‍ അഭിമാനിക്കുകയും കരുത്തും ശുഭാപ്തി വിശ്വാസവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ലോഗോയിലെ കാലിഗ്രഫി ദേശസ്‌നേഹവും വിശ്വസ്തതയുമാണ് പ്രകടിപ്പിക്കുന്നത്.
മറ്റേതെങ്കിലും ഗ്രാഫിക്‌സുകളിലോ ചിത്രങ്ങളിലോ പതിയാതെ ലോഗോ വ്യക്തമായി സൂക്ഷിക്കുകയെന്ന കാര്യം വളരെ പ്രധാനമാണ്. അച്ചടിക്കുന്ന ഏത് മെറ്റീരിയലുകളിലും ഏറ്റവും കുറഞ്ഞ വലുപ്പം 25 മില്ലീമീറ്ററും 150 പിക്‌സലുമാണ്. ഇതിനേക്കാള്‍ വലുപ്പക്കുറവില്‍ ലോഗോ ഉപയോഗിക്കാന്‍ അനുമതിയില്ല. ഏത് ചിത്രത്തിലും ലോഗോ വ്യക്തമായി കാണണം. മാത്രമല്ല ഔദ്യോഗിക നിറങ്ങളിലാണ് ലോഗോ പ്രദര്‍ശിപ്പിക്കേണ്ടത്.
ഭക്ഷ്യവസ്തുക്കള്‍ അലങ്കരിക്കാനോ ടിഷ്യൂ പേപ്പര്‍ ബോക്‌സുകളിലോ കുപ്പികളുടെ ലേബലായോ ഫുട്‌ബോള്‍ ഉള്‍പ്പെടെ പന്തുകളിലോ ഉള്‍പ്പെടെ ഉപഭോക്തൃ വസ്തുക്കളിലൊന്നും ലോഗോ ഉപയോഗിക്കാന്‍ അനുമതിയില്ല. കച്ചവട സാധനങ്ങളിലോ സമ്മാന ഇനങ്ങളിലോ പരസ്യങ്ങളിലോ പ്രമോഷണല്‍ വീഡിയോകളിലോ ടെലിവിഷനുകളിലോ ഓണ്‍ലൈന്‍ പരസ്യങ്ങളിലോ ലോഗോ ഉപയോഗിക്കണമെങ്കില്‍ ഖത്തര്‍ ദേശീയ ദിനാഘോഷ കമ്മിറ്റിയില്‍ നിന്നും ഔദ്യോഗികമായി അനുമതി വാങ്ങിയിരിക്കണം.
ലോഗോയുടെ ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുക, ലോഗോയെ തലതിരിച്ചോ ചെരിഞ്ഞോ ഉപയോഗിക്കുക, ലോഗോയുടെ നിറം മാറ്റുക, വെളുത്ത നിറത്തില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും അനുമതിയില്ല. ഒരേ നിറത്തിലോ നിറപ്പകിട്ടാര്‍ന്ന ബാക്ക് ഗ്രൗണ്ടിലോ ലോഗോ ഉപയോഗിക്കാനും അനുമതി നല്കുന്നില്ല.
ബ്രാന്റിംഗിലോ ബില്‍ഡിംഗിലോ ടവറുകളിലോ ലോഗോ സ്ഥാപിക്കുകയാണെങ്കില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെല്ലാം പാലിക്കണം. ഡിസൈന്‍ ഹെഡറിന്റെ വലതു വശത്താണ് ലോഗോ സ്ഥാപിക്കേണ്ടത്. അമീറിന്റേയും പിതാവ് അമീറിന്റെയോ ചിത്രങ്ങളോടൊപ്പം ലോഗോ ഉപയോഗിക്കുകയാണെങ്കില്‍ ലോഗോ ഡിസൈന്‍ ഹെഡറില്‍ തോളിന്റെ ഉയരം കവിയാതെ സ്ഥാപിക്കണം. അമീറിന്റേയും പിതാവ് അമീറിന്റേയും ചിത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഫോട്ടോകളുടെ ഉപയോഗത്തിനുള്ള ഔദ്യോഗിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം. ഖത്തരി പതാക ഉപയോഗത്തിന്റെ നിര്‍ദ്ദേശങ്ങളും പാലിച്ചിരിക്കണം.

Share This Article
Leave a Comment
error: Content is protected !!