
ദോഹ: ഖത്തറിന്റെ ആധുനികവത്ക്കരണത്തിന് അടിത്തറയിടുകയും ആഗോള മാധ്യമ ഭൂപടത്തില്‍ രാജ്യത്തെ മുന്‍നിരയിലെത്തിക്കുകയും ചെയ്ത പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ്) അനുശോചനം രേഖപ്പെടുത്തി.

അറബ് ലോകത്ത് മാത്രമല്ല, ആഗോളതലത്തില്‍ തന്നെ മാധ്യമ സ്വാതന്ത്ര്യത്തിന്റെയും നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെയും പുതിയ മുഖമായി മാറിയ ‘അല്‍ജസീറ’ വാര്‍ത്താ ശൃംഖലയുടെ ഉത്ഭവത്തിന് കാരണക്കാരനായ ദീര്‍ഘദര്‍ശിയായ ഭരണാധികാരിയായിരുന്നു പിതൃ അമീര്‍ എന്ന് മീഡിയ ഫോറം അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

അല്‍ജസീറയുടെ രൂപീകരണത്തിലൂടെ മിഡില്‍ ഈസ്റ്റിലെ മാധ്യമ സംസ്‌കാരത്തെത്തന്നെ അദ്ദേഹം തിരുത്തിക്കുറിച്ചു. ലോകത്തെവിടെയുമുള്ള പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി അല്‍ജസീറയെ മാറ്റിയെടുക്കാന്‍ പിതൃ അമീര്‍ നല്‍കിയ നിര്‍ഭയമായ പിന്തുണയും ദീര്‍ഘവീക്ഷണവും മാധ്യമ ചരിത്രത്തില്‍ സുവര്‍ണ്ണാക്ഷരങ്ങളാല്‍ രേഖപ്പെടുത്തപ്പെട്ടതാണെന്ന് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഖത്തറിനെ ആധുനിക നയതന്ത്ര- സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. പ്രവാസി സമൂഹത്തോട്, പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹം പുലര്‍ത്തിയിരുന്ന സ്‌നേഹവും കരുതലും നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഖത്തറിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഒപ്പം പ്രവാസി മാധ്യമ പ്രവര്‍ത്തകരും പങ്കുചേരുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

