

ദോഹ: പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളില്‍ ഇടം നേടിയ ഖത്തര്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടു.

പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിക്ക് (പി പി പി) ക്രമീകരിച്ച പ്രതിശീര്‍ഷ ജി ഡി പിയെ അടിസ്ഥാനമാക്കി ആഗോള സമ്പത്ത് വിലയിരുത്തുന്ന റിപ്പോര്‍ട്ട് ഖത്തറിന്റെ ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി.

ഈ റാങ്കിംഗ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെയും നിവാസികള്‍ ആസ്വദിക്കുന്ന ഉയര്‍ന്ന ജീവിതനിലവാരത്തിന്റെയും ഗണ്യമായ അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്നു.
2024 ജനുവരിയില്‍ ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം തുടക്കത്തില്‍ ഖത്തര്‍ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്) ഡാറ്റയെ അടിസ്ഥാനമാക്കി 2024 ഏപ്രിലില്‍ ഫോര്‍ബ്‌സ് ഇന്ത്യയും എന്‍ ഡി ടി വി വേള്‍ഡും പങ്കിട്ട ഏറ്റവും പുതിയ അപ്ഡേറ്റുകളില്‍ ഇത് ഏഴാം സ്ഥാനത്താണ്.
140,312 ഡോളര്‍ പ്രതിശീര്‍ഷ ജി ഡി പിയുമായി ലക്‌സംബര്‍ഗും 117,988 ഡോളറുമായി അയര്‍ലന്‍ഡും 110,251 ഡോളറുമായി സ്വിറ്റ്‌സര്‍ലന്‍ഡും 102,465 ഡോളറുമായി നോര്‍വെയും 91,733 ഡോളറുമായി സിംഗപ്പൂരും ആദ്യ സ്ഥാനങ്ങളിലെത്തി.
87,875 ഡോളറുമായി ഐസ്ലാന്‍ഡ് ആറാം സ്ഥാനത്തും 84,906 ഡോളറുമായി ഖത്തര്‍ ഏഴാം സ്ഥാനത്തും തുടര്‍ന്ന് 83,066 ഡോളറുമായി അമേരിക്കയും 72,940 ഡോളറുമായി ഡെന്‍മാര്‍ക്ക്, 70,135 ഡോളറിന്റെ പ്രതിശീര്‍ഷ ജി ഡി പിയുമായി മക്കാവോ എസ് എ ആര്‍ പട്ടികയില്‍ പത്താം സ്ഥാനത്താണ്.

