താത്ക്കാലിക തലവേദനയാണ് ഒമിക്രോണെന്ന് ഖത്തര്‍ നാഷണല്‍ ബാങ്ക്

Web Desk
2 Min Read

ദോഹ: കോവിഡ് കണ്ടെത്തി രണ്ടു വര്‍ഷം പിന്നിട്ടെങ്കിലും പുതിയ തരംഗങ്ങളില്‍ കുലുങ്ങി ലോകസാമ്പത്തിക രംഗം. രണ്ടു വര്‍ഷത്തിനിടയില്‍ പല തവണ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ട കോവിഡിന്റെ അവസാനം കണ്ടെത്തിയതാണ് ഒമിക്രോണ്‍.

city exchange

ലോക്ക്ഡൗണ്‍, വാക്‌സിനുകളുടെ കണ്ടുപിടുത്തം, വീണ്ടും തുറക്കല്‍, നിരവധി നിയന്ത്രണങ്ങള്‍ തുടങ്ങിയവയും ഇക്കാലയളവില്‍ കടന്നുപോയിട്ടുണ്ട്. വൈറസിന്റെ പരിണാമവും പ്രാരംഭ ലോക്ക്ഡൗണുകളും 2020ന്റെ തുടക്കത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഗോളമാന്ദ്യത്തിലേക്കാണ് നയിച്ചത്. തുടര്‍ന്നുണ്ടായ വ്യത്യസ്ത തരംഗങ്ങളാകട്ടെ സാമ്പത്തിക രംഗം തിരിച്ചു പിടിക്കുന്നതിന് തുടര്‍ച്ചയായ തിരിച്ചടികള്‍ നല്കിക്കൊണ്ടിരുന്നുവെന്നും ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ പ്രതിവാര സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള സമ്പദ്‌വ്യവസ്ഥയുടെ തലവേദനയായും പരിമിതവും താത്ക്കാലികവുമാണ് പ്രതിഭാസമെന്നും ഒമിക്രോണിനെ വിലയിരുത്തുന്നതെന്താണെന്നും ഖത്തര്‍ നാഷണലര്‍ ബാങ്ക് വിശകലനത്തില്‍ വിശദീകരിക്കുന്നുണ്ട്.

- Advertisement -
Ad image

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്നതാണ് ലോകത്തിന് പ്രധാന തലവേദന. വേഗത്തില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദം കോവിഡ് രോഗികളുടെ വന്‍ കുതിച്ചു ചാട്ടത്തിനാണ് വഴിയൊരുക്കുന്നത്. സ്‌പൈക്ക് പ്രോട്ടീനില്‍ ഏകദേശം 36 മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നതിനാല്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഏകദേശം രണ്ടോ മൂന്നോ മടങ്ങ് വേഗത്തില്‍ വ്യാപിക്കാനുള്ള കഴിവ് ഒമിക്രോണിനുണ്ട്. മാത്രമല്ല നേരത്തെയുണ്ടായ വകഭേദങ്ങളെ ലക്ഷ്യമിട്ട് നിര്‍മിച്ച വാക്‌സിനുകള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള കഴിവും തുലോം തുച്ഛമാണ്. ഫൈസറിന്റെ വാക്‌സിനു പോലും ഒമിക്രോണിനെതിരെ നല്കാനുള്ള സംരക്ഷണം 40 ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഒമിക്രോണ്‍ അണുബാധ തടയാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

ആഗോള സമ്പദ്‌വ്യവസ്ഥയുടെ കാതലിനെയാണ് നിലവില്‍ ഒമിക്രോണ്‍ ബാധിച്ചിരിക്കുന്നത്. യൂറോപ്പിലും വടക്കേ അമേരിക്കയിലും ഒരേസമയം എത്തിച്ചേരാന്‍ ഒമിക്രോണിന് സാധിച്ചു. ഈ സമയമാകട്ടെ ഉത്സവ സീസണുകളായതിനാല്‍ ഇന്‍ഡോര്‍ ഒത്തുചേരലുകളും അന്തര്‍ദേശീയ യാത്രകളും വളരെ കൂടുതലായിരുന്നു. അതുകൊണ്ടുതന്നെയാണ് വളരെ വേഗത്തില്‍ കുതിച്ചു ചാട്ടം നടത്താന്‍ ഒമിക്രോണിന് സാധിച്ചത്.

രാജ്യങ്ങള്‍ക്ക് തങ്ങളുടെ ആരോഗ്യ സംവിധാനങ്ങളില്‍ വലിയ ബാധ്യതകള്‍ വരുത്താതിരിക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടതുണ്ട്. യൂറോപ്പും വടക്കേ അമേരിക്കയുമാണ് ആഗോള ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ 53 ശതമാനവും വഹിക്കുന്നത്. വലിയ ഉപഭോക്തൃ സേവന മേഖലയും ഇവിടെയുണ്ട്.

ഒമിക്രോണ്‍ സാമ്പത്തിക മേഖലയെ ബാധിച്ചതിനാല്‍ 2021 നാലാം പാദം മുതല്‍ 2022 ഒന്നാം പാദം അവസാനം വരെ ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ നാഷണല്‍ ബാങ്ക് നെഗറ്റീവ് ഹിറ്റാണ് പ്രതീക്ഷിക്കുന്നത്.

എങ്കിലും ഒമിക്രോണിന്റെ പ്രശ്‌നങ്ങള്‍ പരിമിതവും താത്ക്കാലികവുമാണെന്ന പ്രതീക്ഷയാണ് ഖത്തര്‍ നാഷണല്‍ ബാങ്കിനുള്ളത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് കാഠിന്യം കുറവായതാണ് ഇതിന് പ്രധാന കാരണം. മാത്രമല്ല നിലവിലുള്ള വാക്‌സിനുകള്‍ രോഗബാധയുടെ തീവ്രത കുറക്കുന്നതിനും സഹായകമാണ്. മരണ നിരക്ക് 0.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2021ന്റെ തുടക്കത്തില്‍ ഇത് മൂന്ന് ശതമാനമായിരുന്നു.

2022ന്റെ രണ്ടാം പകുതിയോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്കി നിയന്ത്രണങ്ങളില്‍ അയവു വരുമെന്നും പ്രതീക്ഷയുണ്ട്.

Share This Article
Leave a Comment
error: Content is protected !!