
ദോഹ: ലോക കേരള സഭയുടെയും മലയാളം മിഷന്‍ സംസ്‌കൃതി ഖത്തര്‍ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘മലയാളോത്സവം 2025’ ഒക്ടോബര്‍ 30ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറു മുതല്‍ അബു ഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, കേരളത്തിന്റെ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, പദ്മശ്രീ ഡോ. എം എ യൂസഫ് അലി, കേരള ഗവണ്‍മെന്റ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് എന്നിവരും പങ്കെടുക്കും.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന്റെ ഒരു മുഖ്യമന്ത്രി ഖത്തറില്‍ എത്തുന്നത്. വിവിധ മലയാളി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. അല്‍ ഖോര്‍, മിസൈദ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ, വക്ര, ഉം സലാല്‍ തുടങ്ങി ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സംഘാടകര്‍ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. അയ്യായിരം പേരെയാണ് സംഘാടകര്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്.
മലയാളോത്സവത്തിന് മാറ്റ് കൂട്ടാന്‍ വിവിധ കലാപരിപാടികള്‍, നൃത്ത നൃത്യങ്ങള്‍, ചെണ്ടമേളം എന്നിവ അരങ്ങേറും. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ വിശാലമായ ഗ്രൗണ്ടില്‍ കേരളത്തിലെ 14 ജില്ലകളുടെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന പവലിയനുകള്‍ അതത് ജില്ലയിലെ സംഘടനകള്‍ ഒരുക്കുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാനും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ സി വി റപ്പായി, ജനറല്‍ കണ്‍വീനറും പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറുമായ ഇ എം സുധീര്‍, സംഘാടക സമിതി ഭാരവാഹികളായ ജയരാജ് കെ ആര്‍, ഷൈനി കബീര്‍, ഷംസീര്‍ അരിക്കുളം, സാബിത്ത് സഹീര്‍, പ്രമോദ് ചന്ദ്രന്‍, സമീര്‍ സിദ്ദിഖ്, അഹമ്മദ് കുട്ടി, ഷഹീന്‍ മുഹമ്മദ് ഷാഫി, അബ്ദുല്‍ അസീസ്, ജസിത, ബിന്ദു പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

