

ദോഹ: രാജ്യത്തെ കുട്ടികള്‍ക്കിടയില്‍ വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി ശേഖരം വിപുലീകരിച്ചു. ആകര്‍ഷകമായ പുസ്തകങ്ങളുടെയും വിഭവങ്ങളുടെയും വിപുലമായ ശ്രേണിയോടെ കൗതുകവും ഭാവനയും പഠനത്തോടുള്ള ആജീവനാന്ത അഭിനിവേശവും ഉണര്‍ത്താനും ഖത്തറിലെ യുവ വായനക്കാര്‍ക്ക് ശോഭനമായ ഭാവി ഉറപ്പാക്കാനും ലൈബ്രറി ലക്ഷ്യമിടുന്നു.

നിലവില്‍ 1,20,000 അച്ചടി പുസ്തകങ്ങള്‍ അടങ്ങുന്ന കുട്ടികള്‍ക്കായുള്ള ശേഖരം വിപുലീകരിച്ചതായി ലൈബ്രറിയിലെ ചില്‍ഡ്രന്‍ ആന്റ് യംഗ് അഡള്‍ട്ട്സ് വിഭാഗം മാനേജര്‍ മറാം അല്‍ മഹ്മൂദ് പറഞ്ഞു. ഈ പുസ്തകങ്ങളില്‍ ഭൂരിഭാഗവും ഇംഗ്ലീഷിലും അറബിയിലുമാണ് ലഭ്യമാകുന്നത്.

ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ഉറുദു, ഇറ്റാലിയന്‍ തുടങ്ങിയ മറ്റ് ഭാഷകളിലുള്ള പുസ്തകങ്ങളും കുട്ടികളുടെ വൈവിധ്യമാര്‍ന്ന താത്പര്യങ്ങള്‍ നിറവേറ്റുന്ന വിവിധ പുസ്തകങ്ങളും ശേഖരത്തില്‍ ലഭ്യമാണ്. ബോര്‍ഡ് ബുക്കുകള്‍, ചിത്ര പുസ്തകങ്ങള്‍, ഗ്രാഫിക് നോവലുകള്‍, ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
