
മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി സി സി) അംഗരാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ 43-ാമത് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. ബഹ്‌റൈനില്‍ നടന്ന യോഗത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാസേനയായ ലെഖ്വിയയുടെ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി ഖത്തര്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി.

ജി സി സി അംഗരാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ഉയര്‍ന്നുവരുന്ന സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനും അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗം വിലയിരുത്തി.

സുരക്ഷാ മേഖലയില്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അംഗരാജ്യങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണവും ഏകോപനവും ഉറപ്പാക്കുന്നതിനുമുള്ള വിവിധ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
