ആഗോളതലത്തിലും മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഖത്തര്‍

Web Desk
2 Min Read

ദോഹ: 2026-ലെ ഐ എം ഡി വേള്‍ഡ് കോംപറ്റിറ്റീവ്നസ് ഇയര്‍ബുക്കിന്റെ ഫലങ്ങള്‍ ദേശീയ ആസൂത്രണ കൗണ്‍സില്‍ പുറത്തുവിട്ടപ്പോള്‍, സാമ്പത്തിക, വ്യവസായ, സ്ഥാപന, സാമൂഹിക മേഖലകളിലെ നിരവധി സൂചികകളില്‍ ഖത്തര്‍ മേഖലാതലത്തിലും ആഗോളതലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

city exchange

മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെയും ഖത്തര്‍ നാഷണല്‍ വിഷന്‍ 2030-ന്റെയും ലക്ഷ്യങ്ങളിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റമാണ് ഈ നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ദേശീയ ആസൂത്രണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ ബിന്‍ മുബാറക് അല്‍ ഖലീഫ പറഞ്ഞു.

അഭൂതപൂര്‍വമായ പ്രാദേശിക വെല്ലുവിളികള്‍ക്കിടയിലും ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചത് ഖത്തറിന്റെ ശക്തമായ അടിത്തറയും ദീര്‍ഘകാല വികസന സമീപനത്തിന്റെ ഫലപ്രാപ്തിയും തെളിയിക്കുന്നതാണെന്നും വര്‍ഷങ്ങളായുള്ള തന്ത്രപരമായ നിക്ഷേപങ്ങളുടെയും ആസൂത്രണത്തിന്റെയും ഫലമായി രാജ്യം ബാഹ്യ സമ്മര്‍ദങ്ങളെ അതിജീവിക്കുക മാത്രമല്ല, ഖത്തര്‍ നാഷണല്‍ വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ബിസിനസ്, പൗരന്മാര്‍ എന്നിവര്‍ക്കുള്ള അവസരങ്ങള്‍ വികസിപ്പിക്കുന്നതിലും ആഗോളതലത്തില്‍ വിശ്വസ്ത പങ്കാളിയായി നിലയുറപ്പിക്കുന്നതിലും മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യാപാര മിച്ചത്തിന്റെ കാര്യത്തില്‍ ഖത്തര്‍ മേഖലയിലും ലോകത്തും ഒന്നാം സ്ഥാനത്താണ്. തൊഴിലില്ലായ്മ, യുവജന തൊഴിലില്ലായ്മ, ദീര്‍ഘകാല തൊഴിലില്ലായ്മ എന്നിവയുടെ ഏറ്റവും കുറഞ്ഞ നിരക്കുകള്‍ ഖത്തറിനാണ്. ദേശീയ സമ്പാദ്യനിരക്കിന്റെ കാര്യത്തിലും ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക പ്രതിരോധശേഷിയില്‍ മേഖലയിലെ ഒന്നാം സ്ഥാനവും ലോകത്തിലെ ആദ്യ അഞ്ച് രാജ്യങ്ങളിലൊന്നെന്ന സ്ഥാനവും ഖത്തര്‍ സ്വന്തമാക്കി.

- Advertisement -
Ad image

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏറ്റവും അനുകൂലമായ ബിസിനസ് അന്തരീക്ഷമുള്ള രാജ്യങ്ങളിലൊന്നായ ഖത്തര്‍ വ്യക്തിഗത ആദായനികുതി, ഉപഭോഗനികുതി, മൂലധന- സ്വത്ത് നികുതി, സാമൂഹിക സുരക്ഷാ സംഭാവനകള്‍ എന്നിവയുടെ അഭാവത്തില്‍ ലോകത്തും മേഖലയിലും ഒന്നാം സ്ഥാനത്താണ്.

സംരംഭകത്വത്തില്‍ ഖത്തര്‍ മേഖലയിലെ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ നാലാം സ്ഥാനവും നേടി. തൊഴില്‍ ഉത്പാദനക്ഷമത, വ്യക്തികളുടെ ഉപയോഗയോഗ്യ വരുമാനം, ബാങ്കിങ് മേഖലയുടെ ആസ്തി, രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്, ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ ശക്തി എന്നിവയിലും ഖത്തര്‍ മേഖലയില്‍ ഒന്നാമതാണ്.

ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളില്‍ ഖത്തര്‍ മേഖലയിലെ ഒന്നാം സ്ഥാനവും ലോകത്ത് രണ്ടാം സ്ഥാനവും നേടി. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളില്‍ മേഖലയില്‍ ഒന്നും ലോകത്ത് മൂന്നും സ്ഥാനങ്ങളാണ് ലഭിച്ചത്. ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ ഖത്തര്‍ മേഖലയിലെ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ ആറാം സ്ഥാനവും കരസ്ഥമാക്കി.

നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമതയില്‍ ഖത്തര്‍ മേഖലയിലെ ഒന്നാം സ്ഥാനവും ലോകത്ത് അഞ്ചാം സ്ഥാനവും നേടി. കൊലപാതക നിരക്ക് ഏറ്റവും കുറവുള്ള രണ്ടാമത്തെ രാജ്യവുമാണ് ഖത്തര്‍.

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030, മൂന്നാം ദേശീയ വികസന തന്ത്രം എന്നിവയുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ രാജ്യം കൈവരിച്ച പുരോഗതിയാണ് ഈ നേട്ടങ്ങള്‍ വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിസിനസ്, നിക്ഷേപം, ഉയര്‍ന്ന ജീവിത നിലവാരം എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്കും സമൃദ്ധിക്കും ഇത് പിന്തുണയാകുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

സാമ്പത്തിക പ്രകടനം, സര്‍ക്കാര്‍ കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തിയാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്മെന്റ് പ്രതിവര്‍ഷം വേള്‍ഡ് കോംപറ്റിറ്റീവ്നസ് ഇയര്‍ബുക്ക് പ്രസിദ്ധീകരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!