
ദോഹ: താലിബാന്റെ നയങ്ങളിലും പ്രസ്താവനകളിലും മാറ്റം അനിവാര്യമാണെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി. ഡച്ച് വിദേശകാര്യ മന്ത്രി സിഗ്രിഡ് കാഗുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതകളോടുള്ള നിലപാടിലും താലിബാന്‍ വലിയ മാറ്റമുണ്ടാക്കണം. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങളെ അംഗീകരിക്കുകയും സംരക്ഷിക്കുകയും അവരുടെ ശാക്തീകരണത്തിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയ സമീപനം സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മുസ്‌ലിം രാജ്യമെന്ന നിലയില്‍ വനിതകളോടും ലോകത്തോടുമുള്ള സമീപനത്തില്‍ ഖത്തറിനെ മാതൃകയാക്കണം. ഖത്തറില്‍ വനിതകള്‍ സുപ്രധാന സ്ഥാനങ്ങളാണ് വഹിക്കുന്നത്. പൊതുമേഖലയിലെ 52 ശതമാനം ജീവനക്കാരും വനിതകളായ രാജ്യത്ത് ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ബിരുദധാരികളില്‍ 60 ശതമാനവും അവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാമിനകത്ത് നിന്നുകൊണ്ടുള്ള സ്ത്രീ ശാക്തീകരണം സാധ്യമാകുമെന്നതിന് ഖത്തര്‍ മികച്ച ഉദാഹരണമാണ്.


