

ദോഹ: ഖത്തറിലെ യുവതലമുറയില്‍ തമിഴ് പരമ്പരാഗത കായിക വിനോദങ്ങളെ പുനരുജ്ജീവിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഖത്തര്‍ തമിഴര്‍ ട്രഡീഷണല്‍ സ്‌പോര്‍ട്‌സ് (ക്യുടിടിഎസ്) സംഘടനക്ക് തുടക്കമായി. ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററുമായി സഹകരിച്ച് സംഘടന ഉദ്ഘാടന പരിപാടി തമിഴ് പരമ്പരാഗത കായിക വിനോദ പരിപാടി 2025 അല്‍ അഷ്ബാല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു.

പല്ലങ്കുഴി, കബഡി, ഖോ ഖോ, ഉറിയടി, സിലംബം തുടങ്ങിയ പരമ്പരാഗത ഗെയിമുകള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഖത്തറിലുടനീളമുള്ള കുടുംബങ്ങള്‍ സാംസ്‌കാരിക പുനരുജ്ജീവനത്തിനായി വലിയ ആവേശത്തോടെ ഒത്തുകൂടി.


വിവിധ ഇന്ത്യന്‍ സമൂഹ സംഘടനകളില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. ക്യുടിടിഎസ് പ്രസിഡന്റ് പഴനികുമാര്‍ ഗുരുസാമി, വൈസ് പ്രസിഡന്റ് പ്രേം കലാ ശരവണന്‍, ജനറല്‍ സെക്രട്ടറി സിലംബം ശരവണന്‍, ജോയിന്റ് സെക്രട്ടറി മുഹമ്മദ് കമറുദ്ദീന്‍, ട്രഷറര്‍ നിര്‍മ്മല്‍ ചന്ദ്രബോസ്, പരമ്പരാഗത കായിക വിഭാഗം മേധാവി ശ്രീനിവാസന്‍, പരമ്പരാഗത കായിക വിഭാഗം സെക്രട്ടറി വസന്ത്, കലാ സാംസ്‌ക്കാരിക വിഭാഗം മേധാവി വെങ്കട്ട് പ്രഭു, കലാ സാംസ്‌ക്കാരിക വിഭാഗം സെക്രട്ടറി ദക്ഷിണാമൂര്‍ത്തി, ഐ ടി ആന്റ് മീഡിയ സെക്രട്ടറി മണിമല ഇളമുരുകന്‍, സ്‌പോണ്‍സര്‍ഷിപ്പ് സെക്രട്ടറി ദുരൈ എന്നിവര്‍ പങ്കെടുത്തു.
ഏപ്രില്‍ 25ന് ഖത്തറില്‍ അന്താരാഷ്ട്ര സിലംബം ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനുള്ള പദ്ധതികള്‍ ക്യുടിടിഎസ് നേതൃത്വം പ്രഖ്യാപിച്ചു. കൂടാതെ വലൈപ്പന്ത് (റിംഗ് ബോള്‍), പരമ്പരാഗത തമിഴ് സംഗീതോപകരണങ്ങളായ തവില്‍, നാദസ്വരം എന്നിവയ്ക്കുള്ള പരിശീലന പരിപാടികളും സംഘടിപ്പിക്കും.

