
താഷ്‌കെന്റ്: ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ (ഒ സി എ) 46-ാം ജനറല്‍ അസംബ്ലിയില്‍ ഖത്തര്‍ പങ്കെടുക്കുന്നു. ഉസ്ബെക്കിസ്ഥാന്‍ തലസ്ഥാനമായ താഷ്‌കെന്റില്‍ തിങ്കളാഴ്ചയാണ് സമ്മേളനം ആരംഭിക്കുന്നത്.

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുവാന്‍ ബിന്‍ ഹമദ് അല്‍ താനിയെ ഒ സി എയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കുന്ന പ്രഖ്യാപനത്തോടെ ഏഷ്യയിലെ ഏറ്റവും വലിയ കായിക സംഘടനയ്ക്ക് പുതിയ അധ്യായത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

45 ഏഷ്യന്‍ ദേശീയ ഒളിമ്പിക് കമ്മിറ്റികളില്‍ നിന്നുള്ള 350-ലധികം കായിക ഉദ്യോഗസ്ഥരും അന്താരാഷ്ട്ര കായിക സംഘടനകളുടെ പ്രതിനിധികളും ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്.
ജപ്പാനിലെ ഐച്ചി-നഗോയയില്‍ 2026 സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസ്, ചൈനയിലെ സാന്യയില്‍ ഏപ്രില്‍ 22 മുതല്‍ 30 വരെ നടക്കുന്ന ഏഷ്യന്‍ ബീച്ച് ഗെയിംസ്, സൗദി അറേബ്യയിലെ റിയാദില്‍ 2026 ഫെബ്രുവരി 8 മുതല്‍ 10 വരെ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസ് എന്നിവ ഉള്‍പ്പെടെയുള്ള വരാനിരിക്കുന്ന പ്രാദേശിക കായിക മേളകളുടെ സംഘാടക സമിതികളുടെ റിപ്പോര്‍ട്ടുകള്‍ സമ്മേളനത്തില്‍ അവലോകനം ചെയ്യും.
ഒ സി എയുടെ ആദ്യ ഉപാധ്യക്ഷനും ഹോങ്കോങ് ഒളിമ്പിക് കമ്മിറ്റിയുടെ ചെയര്‍മാനുമായ ടിമോത്തി ഫോക്കിന്റെ സ്വാഗത പ്രസംഗത്തോടെയാണ് ജനറല്‍ അസംബ്ലിക്ക് തുടക്കമാകുക. തുടര്‍ന്ന് ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റും ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ തലവനുമായ ഷവ്കത് മിര്‍സിയോയേവ് സമ്മേളനത്തെ അഭിസംബോധന ചെയ്യും.
കഴിഞ്ഞ മെയ് മാസത്തില്‍ കുവൈത്തില്‍ നടന്ന 45-ാം ജനറല്‍ അസംബ്ലിയുടെ മിനിറ്റ്‌സിന് അംഗീകാരം നല്‍കുന്നതും പ്രാദേശിക ഉപാധ്യക്ഷന്മാരുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതും സമ്മേളന അജണ്ടയില്‍ ഉള്‍പ്പെടുന്നു.

