
ദോഹ: യു എസ് പ്രസിഡന്‍റ് ട്രംപിന്റെ സമാധാനപദ്ധതിയോട് ഹമാസ് സമ്മതം പ്രകടിപ്പിച്ചതിനെയും അതിന്റെ ഭാഗമായി ബന്ദികളെ വിട്ടയയ്ക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനത്തെയും ഖത്തര്‍ സ്വാഗതം ചെയ്തതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി അറിയിച്ചു.

ബന്ദികളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ മോചനത്തിന് അനുകൂലമായി അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട പ്രസിഡന്‍റിന്റെ പ്രസ്താവനകള്‍ക്ക് തങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും ഗാസാ മേഖലയിലെ ഫലസ്തീനികളുടെയിടയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിന് ഈ നീക്കം വേഗത്തില്‍ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡോ. അന്‍സാരി പ്രസ്താവനയില്‍ വ്യക്തമാക്കി.

യുദ്ധത്തിന് വിരാമം കുറിക്കുന്നതിലേക്കുള്ള വഴി ഉറപ്പാക്കുന്നതിനായി, അമേരിക്കയുടെ സഹകരണത്തോടെയും അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ മധ്യസ്ഥതയോടെയും ചേര്‍ന്ന് ചര്‍ച്ചകള്‍ തുടരുമെന്ന് ഖത്തര്‍ വ്യക്തമാക്കി.
