പിതൃ അമീറിനെ അനുസ്മരിച്ച് ഖത്തര്‍ യൂത്ത് ഫോറം

Web Desk
2 Min Read

ദോഹ: ഖത്തറിന്റെ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ ജീവിതം, ദര്‍ശനം, ഖത്തറിന്റെ വളര്‍ച്ചയ്ക്കും ലോക മാനവിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകളും അനുസ്മരിച്ച് ഖത്തര്‍ യൂത്ത് ഫോറം അനുസ്മരണ സംഗമം സംഘടിപ്പിച്ചു.

city exchange

ഖത്തറിനെ ആധുനികവും പുരോഗമനപരവുമായ രാഷ്ട്രമാക്കി മാറ്റുന്നതില്‍ ശൈഖ് ഹമദ് വഹിച്ച നിര്‍ണായക പങ്കും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും മുസ്ലിം സമൂഹത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മാനവിക വിഷയങ്ങള്‍ക്കും നല്‍കിയ പിന്തുണകളും പ്രത്യേകിച്ച് ഫലസ്തീന്‍ വിഷയത്തില്‍ സ്വീകരിച്ച ശക്തമായ നിലപാടുകളും പരിപാടിയില്‍ അനുസ്മരിച്ചു.

മുഖ്യ പ്രഭാഷണം നിര്‍വഹിച്ച അഷ്‌റഫ് ഉളിയില്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തെക്കുറിച്ചും ചെറിയ ഗള്‍ഫ് രാഷ്ട്രമായിരുന്ന ഖത്തറിനെ ആഗോള തലത്തില്‍ ശ്രദ്ധേയമായ രാഷ്ട്രമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ചും വിശദമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഖത്തര്‍- ഇന്ത്യ ബന്ധം വിവിധ മേഖലകളില്‍ കൂടുതല്‍ ശക്തിപ്പെട്ടതും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നയതന്ത്ര, ജനകീയ ബന്ധങ്ങള്‍ പുതിയ ഉയരങ്ങളിലെത്തിയതും എടുത്തുപറഞ്ഞു.

കൂടാതെ, മാനവിക സേവനങ്ങള്‍ ഖത്തറില്‍ മാത്രം ഒതുങ്ങിയിരുന്നില്ലെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ, ആരോഗ്യ, ദുരിതാശ്വാസ മേഖലകളിലേക്കും അദ്ദേഹത്തിന്റെ പിന്തുണയും സഹായഹസ്തവും വ്യാപിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണയും അദ്ദേഹം അനുസ്മരിച്ചു.

- Advertisement -
Ad image

ചടങ്ങില്‍ അബ്‌സല്‍ അബ്ദുട്ടി മുഹമ്മദ്, റാഫിദ് മുഹമ്മദ് എന്നിവരും സംസാരിച്ചു. ശൈഖ് ഹമദ് ഖത്തറിന്റെ വികസന യാത്രയില്‍ വഹിച്ച പങ്ക്, ആഗോള തലത്തില്‍ ഖത്തറിന് ലഭിച്ച വളര്‍ച്ചയും അംഗീകാരവും, അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള ഭരണത്തിന്റെ സ്വാധീനവും സംബന്ധിച്ചുള്ള ചിന്തകള്‍ അവര്‍ പങ്കുവെച്ചു.

യൂത്ത് ഫോറം ഖത്തര്‍ വൈസ് പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ സ്വാഗത പ്രസംഗം നടത്തി. യൂത്ത് ഫോറം പ്രസിഡന്റ് എം ഐ അസ്ലം തൗഫീഖ് സമാപനഭാഷണം നിര്‍വഹിച്ചു. ശൈഖ് ഹമദ് നടത്തിയ മഹത്തായ നേട്ടങ്ങളും ഖത്തറിനും മുസ്ലിം സമൂഹത്തിനും വിശിഷ്യാ ഫലസ്തീന്‍ വിഷയത്തിലും മാനവിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഭാവനകളും ഇടപെടലുകളും അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാര്‍ഥത്ഥന നടത്തി പരിപാടിക്ക് സമാപനം കുറിച്ചു.

Share This Article
Leave a Comment
error: Content is protected !!