
ദോഹ: ജോര്ദാനെതിരെ വീണ്ടും നടന്ന ആക്രമണങ്ങളെ ഖത്തര് ശക്തമായി അപലപിച്ചു. ജോര്ദാന്റെ പരമാധികാരത്തിനും ഭൗമപരമായ അഖണ്ഡതയ്ക്കുമെതിരായ ഗുരുതരമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാര്ട്ടറിന്റെയും വ്യക്തമായ ലംഘനവുമാണ് ഈ ആക്രമണങ്ങളെന്ന് ഖത്തര് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം ആക്രമണങ്ങള് തുടരുന്നത് മേഖലയിലെ സംഘര്ഷം കുറയ്ക്കാനുള്ള ശ്രമങ്ങളെ സങ്കീര്ണമാക്കുന്ന അപകടകരമായ സാഹചര്യമാണെന്നും പ്രാദേശിക സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ- നയതന്ത്ര ശ്രമങ്ങളെ ദുര്ബലപ്പെടുത്തുന്നതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന എല്ലാ സൈനിക നടപടികളും ആക്രമണങ്ങളും ഉടന് പൂര്ണമായും അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു. സംഘര്ഷം കൂടുതല് വ്യാപിപ്പിക്കുന്ന നടപടികളില് നിന്ന് എല്ലാ കക്ഷികളും വിട്ടുനില്ക്കണമെന്നും സംഭാഷണത്തിന്റെയും ചര്ച്ചകളുടെയും പാതയിലേക്ക് ഗൗരവത്തോടെ തിരിച്ചുവരണമെന്നും നയതന്ത്ര ശ്രമങ്ങളിലൂടെ കൈവരിച്ച ധാരണകള് പാലിക്കണമെന്നും ഖത്തര് ആവശ്യപ്പെട്ടു.
ജോര്ദാനൊപ്പം ഖത്തര് പൂര്ണ ഐക്യദാര്ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി ജോര്ദാന് സ്വീകരിക്കുന്ന എല്ലാ നടപടികള്ക്കും ഖത്തറിന്റെ പൂര്ണ പിന്തുണയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ആവര്ത്തിച്ചു.

