

അബൂദാബി: ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി യു എ ഇ സന്ദര്‍ശിച്ചു. അബൂദാബി കിരീടാവകാശിയുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയതായി വാം വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ഉപരോധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രി സന്ദര്‍ശനം നടത്തിയത്.

യു എ ഇയിലെത്തിയ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബൂദാബിയില്‍ സ്വീകരിച്ചു.
യു എ ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ശൈഖ് മുഹമ്മദിന്റെ സഹോദരനുമായ ശൈഖ് തഹ്‌നൗന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഗസ്ത് മാസത്തില്‍ ദോഹയിലെത്തിയ ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ബഹറൈന്‍ ഒഴികെ എല്ലാ രാജ്യങ്ങളും വ്യാപാര, യാത്രാ ബന്ധങ്ങള്‍ പുനഃരാരംഭിച്ചു. റിയാദും കെയ്‌റോയും ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറിലേക്ക് അംബാസഡര്‍മാരെ നിയോഗിച്ചെങ്കിലും അബൂദാബിയും മനാമയും അങ്ങനെ ചെയ്തിട്ടില്ല.

