ഹോര്‍മുസ് പ്രതിസന്ധിയിലും മികവ് തെളിയിച്ച് ഖത്തറിന്റെ വിതരണ ശൃംഖല

Web Desk
3 Min Read

ദോഹ: ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയും പ്രവര്‍ത്തനങ്ങളില്‍ വേഗത്തില്‍ മാറ്റം വരുത്തിയും ഗള്‍ഫ് മേഖലയിലെ വിതരണ ശൃംഖലകള്‍ ശക്തമായ പ്രവര്‍ത്തനക്ഷമത പ്രകടിപ്പിച്ചതായി വ്യവസായ വിദഗ്ധന്‍. എന്നാല്‍ മേഖലയിലെ നിര്‍ണായക ഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കാര്‍ണഗീ മെലണ്‍ യൂണിവേഴ്‌സിറ്റി ഖത്തറിലെ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് വിദഗ്ധ ഡോ. ഇമാന്‍ അദീനാത്ത് പറഞ്ഞു.

city exchange

നിലവിലെ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗള്‍ഫ് ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഡോ. അദീനാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസം മുമ്പ് പ്രകടമായിരുന്ന അടിസ്ഥാനപരമായ ആശ്രിതത്വങ്ങളും വെല്ലുവിളികളും പ്രവര്‍ത്തനതലത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

ബദല്‍ മാര്‍ഗങ്ങളിലൂടെ അവശ്യസാധനങ്ങള്‍ ഖത്തറിലെ വിപണികളില്‍ എത്തിക്കുന്നതില്‍ വിതരണ ശൃംഖല വിജയിച്ചിട്ടുണ്ടെങ്കിലും ഊര്‍ജ മേഖലയിലെ ഹോര്‍മുസ് കടലിടുക്കിനോടുള്ള ഘടനാപരമായ ആശ്രിതത്വം ഇപ്പോഴും വലിയ വെല്ലുവിളിയാണെന്ന് ഡോ. അദീനാത്ത് ചൂണ്ടിക്കാട്ടി.

ഫെബ്രുവരിയിലെ കടല്‍ഗതാഗത നിയന്ത്രണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സൗദി അറേബ്യ വഴിയുള്ള കരമാര്‍ഗവും ചെങ്കടല്‍, ഒമാന്‍ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കവും ഖത്തറിന്റെ കരുതല്‍ ശേഖരവും പ്രയോജനപ്പെടുത്തി വിതരണ സംവിധാനം പുനഃക്രമീകരിക്കാന്‍ കഴിഞ്ഞതായി അവര്‍ പറഞ്ഞു. എന്നാല്‍ ലോകത്തെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു ഭാഗവും ഖത്തറിന്റെ എല്‍ എന്‍ ജി കയറ്റുമതിയും ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്നതിനാല്‍ ഇതൊരു ദീര്‍ഘകാല ഘടനാപരമായ ദൗര്‍ബല്യമായി തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.

- Advertisement -
Ad image

ഇറക്കുമതിയും കയറ്റുമതിയും സംഘര്‍ഷത്തെ വ്യത്യസ്ത രീതിയിലാണ് നേരിടുന്നതെന്ന് ഡോ. അദീനാത്ത് പറഞ്ഞു. ഇറക്കുമതി ലോജിസ്റ്റിക്‌സ് താരതമ്യേന സ്ഥിരത നിലനിര്‍ത്തുമ്പോള്‍ കടല്‍ഗതാഗത നിയന്ത്രണത്തിന്റെ പ്രധാന ആഘാതം ഊര്‍ജ കയറ്റുമതിയിലാണ് അനുഭവപ്പെടുന്നത്.

ഖത്തറിന്റെ വാതക കയറ്റുമതിയെ നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളും സാരമായി ബാധിച്ചതായി അവര്‍ പറഞ്ഞു. മാര്‍ച്ചില്‍ റാസ് ലഫാന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഉത്പാദന ട്രെയിനുകള്‍ക്ക് നാശനഷ്ടമുണ്ടായതോടെ ഖത്തറിന്റെ എല്‍ എന്‍ ജി ഉത്പാദന ശേഷിയുടെ ഏകദേശം 17 ശതമാനം നഷ്ടപ്പെട്ടതായി അവര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ എനര്‍ജിയുടെ കണക്കനുസരിച്ച് ഇത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ നീണ്ടേക്കാമെന്നും അവര്‍ പറഞ്ഞു.

ജൂണില്‍ ഹ്രസ്വകാലത്തേക്ക് കടല്‍ഗതാഗതം പുനരാരംഭിച്ചപ്പോള്‍ ഏതാനും എല്‍ എന്‍ ജി കയറ്റുമതി ചരക്കുകള്‍ അയയ്ക്കാന്‍ കഴിഞ്ഞെങ്കിലും ജൂലൈയിലെ ഗതാഗത തടസ്സത്തിന് ശേഷം സാധാരണ നിലയിലുള്ള പ്രതിദിന മൂന്ന് കയറ്റുമതി ചരക്കുകള്‍ എന്ന രീതിയിലേക്ക് മടങ്ങാന്‍ ഖത്തറിന് കഴിഞ്ഞിട്ടില്ലെന്നും ഡോ. അദീനാത്ത് പറഞ്ഞു. ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വാതക കയറ്റുമതി തടസ്സമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉപഭോക്തൃ ആവശ്യത്തിനുള്ള സാധനങ്ങളുടെ വിതരണത്തില്‍ കാര്യമായ ക്ഷാമം ഉണ്ടായിട്ടില്ല. നേരത്തെ നടത്തിയ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും തന്ത്രപ്രധാനമായ ഏകോപനവുമാണ് ഇതിന് സഹായകമായത്. ഖത്തര്‍ ഭക്ഷ്യവസ്തുക്കളില്‍ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്ന രാജ്യമായിട്ടും കരുതല്‍ ശേഖരം നേരത്തെ ശക്തിപ്പെടുത്തിയതും സൗദി അറേബ്യ, ചെങ്കടല്‍ മേഖല എന്നിവയിലൂടെ ഒന്നിലധികം വിതരണ മാര്‍ഗങ്ങള്‍ നിലനിര്‍ത്തിയതും വിപണിയില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സഹായിച്ചതായി അവര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു ദശകത്തിനിടെ നടപ്പാക്കിയ ദീര്‍ഘകാല പദ്ധതികളാണ് നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ ഖത്തറിന് അടിസ്ഥാന സുരക്ഷ ഒരുക്കിയതെന്നും ഡോ. അദീനാത്ത് വ്യക്തമാക്കി. ഹമദ് തുറമുഖത്തിന്റെ വികസനം, ആഭ്യന്തര ക്ഷീര- കാര്‍ഷിക മേഖലയുടെ വളര്‍ച്ച, വിതരണക്കാരുടെ വൈവിധ്യവല്‍ക്കരണം, ഭക്ഷ്യസുരക്ഷയെ ദേശീയ നയമായി മാറ്റിയത് എന്നിവ ഇതില്‍ പ്രധാനമാണ്.

കടല്‍മാര്‍ഗം തടസ്സപ്പെട്ട സാഹചര്യത്തില്‍ കണ്ടെയ്‌നര്‍ ചരക്കുനീക്കത്തിന് സൗദി അറേബ്യ വഴിയുള്ള കരഗതാഗതവും സൗദിയിലെ ചെങ്കടല്‍ തുറമുഖങ്ങളിലെ ലോജിസ്റ്റിക്‌സ് സംവിധാനങ്ങളും പ്രധാന ബദല്‍ മാര്‍ഗങ്ങളായി മാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ വന്‍തോതിലുള്ള ഊര്‍ജ ചരക്കുനീക്കത്തിന് കരമാര്‍ഗങ്ങള്‍ക്ക് കടല്‍മാര്‍ഗങ്ങളെ പൂര്‍ണമായി പകരംവയ്ക്കാനാകില്ലെന്ന് ഡോ. അദീനാത്ത് ചൂണ്ടിക്കാട്ടി. ഭക്ഷ്യവിതരണ സംവിധാനങ്ങള്‍ വൈവിധ്യവത്ക്കരിക്കാന്‍ ഖത്തറിന് കഴിഞ്ഞിട്ടുണ്ടെങ്കിലും വാതക കയറ്റുമതിക്ക് ആവശ്യമായ കടല്‍മാര്‍ഗങ്ങള്‍ അതേ രീതിയില്‍ വൈവിധ്യവത്ക്കരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും അന്താരാഷ്ട്ര കപ്പല്‍ ഗതാഗത പാതകളുടെ തുറന്ന നിലയും ഖത്തറിന്റെ മാത്രം താത്പര്യമല്ലെന്നും ആഗോള താത്പര്യമാണെന്നും അവര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!