

ദോഹ: ‘കാത്തു വെക്കാം സൗഹൃദതീരം’ എന്ന തലക്കോടെ നവംബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ നടക്കുന്ന എട്ടാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബാള്‍ ടൂര്‍ണമെന്റിന്റല്‍ ബി ഡിവിഷനില്‍ ഖത്തര്‍ ചെറിയ കുമ്പളം ടിം ക്യു സി എം സി എതിരിയില്ലാതെ രണ്ടു സെറ്റുകള്‍ക്ക് ദോസ്താന കൊല്ലത്തെ പരാജയപ്പെടുത്തി. ബി ഡിവിഷനില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഏക ടീമായിരുന്നു ക്യു സി എം സി.

വാശിയേറിയ പോരാട്ടത്തില്‍ ക്യു സി എം സി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. കാണികളെ മുള്‍ മുനയില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു സെമിയില്‍ അല്‍ ജാസി തൃശൂരിനോട് ജയിച്ചത്. ആദ്യ കളി അവസാനിച്ചത് 30- 28 എന്ന സ്‌കോറോടെ ആയിരുന്നു. ഫൈനലിലും നല്ല നിലവാരമുള്ള കളി കാഴ്ച വെക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞു.

കളിയില്‍ ഉടനീളം ഫഹീമിന്റെയും ആഷിക്കിന്റെയും തകര്‍പ്പന്‍ സ്മാഷുകള്‍ കാണികള്‍ക്ക് ഹരമേകി. ഫൈനലില്‍ ദോസ്താന കൊല്ലത്തെയും ആദ്യ കളിയില്‍ പി ബി എസ് എഫ് സി പാലക്കാടിനെയും ആണ് എതിരില്ലാതെ പരാജയപ്പെടുത്തിയത്.

നസീം ഡെന്റല്‍ സെന്റര്‍ പ്രായോജകരായ ക്യു സി എം സി ടീമിന് വേണ്ടി മുഹമ്മദ് ഫഹീം, മുഹമ്മദ് ആഷിഖ്, സഹദ് കായാക്കീല്‍, മജീദ് നാദാപുരം, സിദ്ദീഖ് കമ്മനാട്, മുഹമ്മദ് ഫൈസല്‍, സിദ്ദീഖ് കിഴക്കേ കടയില്‍, റഷീദ് ചെറുകുപ്പയില്‍, റഫീഖ് ആലായി എന്നിവര്‍ ജഴ്സി അണിഞ്ഞു.
രണ്ടു ഡിവിഷനുകളിയായി 14 ടീമുകള്‍ അണിനിരന്ന മത്സരം രാവിലെ എട്ടു മണിയോടെയാണ് ആസ്പയര്‍ ഡോമില്‍ ആരംഭിച്ചത്. ഖത്തര്‍ മലയാളി സമ്മേളനം സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ എന്‍ സുലൈമാന്‍ മദനി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ ഖത്തര്‍ മലയാളി സമ്മേളന വേദിയില്‍ സമ്മാനിക്കുമെന്ന് കായിക വിഭാഗം ചെയര്‍മാന്‍ ആഷിഖ് അഹമ്മദ് അറിയിച്ചു.
അമീര്‍, മനോജ് കുമാര്‍, നസീം, സെബിന്‍ ജോസഫ്, മുഹമ്മദ് വി ടി എന്നിവര്‍ കളി നിയന്ത്രിച്ചു. മുമ്പ് ഖത്തറില്‍ നടന്ന പല വോളി മത്സരത്തിലും കപ്പ് നേടിയത് പോലെ മലയാളി സമ്മേളന ടൂര്ണമെന്റിലും ക്യു സി എം സിയുടെ പേര് അടയാളപ്പെടുത്താന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ക്യു സി എംസി അംഗങ്ങള്‍. എ ഡിവിഷനില്‍ കള്‍ച്ചര്‍ ഫോറം കോഴിക്കോട് ഫൈറ്റേഴ്‌സ് എറണാകുളത്തെ പരാജയപ്പെടുത്തി ഫൈനലില്‍ വിജയിച്ചു.

