
ദോഹ: കലാഞ്ജലി യൂത്ത് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം സംഘടിപ്പിക്കുന്ന പുസ്തക പ്രദര്‍ശനം ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒക്ടോബര്‍ 30 വരെ തുടരും. പ്രിന്‍സിപ്പല്‍ അസം ഖാനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ന്യൂഡല്‍ഹി ഇന്ത്യയുടെ അണ്ടര്‍ സെക്രട്ടറി സാക്ഷി ദവാറും ചേര്‍ന്നാണ് പുസ്തക പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സ്‌കൂള്‍ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ലിപ്‌സി സാബുവും ചടങ്ങില്‍ സന്നിഹിതയായിരുന്നു.

ഖിയാഫ് ചെയര്‍മാന്‍ ഹുസൈന്‍ കടന്നമണ്ണ, പ്രസിഡന്റ് ഡോ. സാബു കെ സി, ജനറല്‍ സെക്രട്ടറി തന്‍സീം കുറ്റ്യാടി, ട്രഷറര്‍ അന്‍സാര്‍ അരീമ്പ്ര എന്നിവര്‍ക്കൊപ്പം ഫോറത്തിന്റെ മറ്റ് ഭാരവാഹികളും അംഗങ്ങളും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

പ്രദര്‍ശനത്തില്‍ ഖത്തറില്‍ താമസിക്കുന്ന ഇന്ത്യന്‍ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഥകള്‍, നോവലുകള്‍, ഗവേഷണ ഗ്രന്ഥങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. പ്രശസ്തരായ എഴുത്തുകാരുടെ കൃതികള്‍ക്കൊപ്പം വിദ്യാര്‍ഥികളായ പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങളും പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്.
വായനക്കാരെയും പുസ്തകപ്രേമികളെയും എഴുത്തുകാരുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പുസ്തകങ്ങള്‍ പരിചയപ്പെടാനും എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനും സന്ദര്‍ശകര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.
പ്രദര്‍ശനത്തിലെ പുസ്തകങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിച്ച അസം ഖാന്‍ പുസ്തകങ്ങളുടെ വൈവിധ്യത്തെ അഭിനന്ദിച്ചു. സാക്ഷി ദവാറും ഇംഗ്ലീഷ് പുസ്തകങ്ങള്‍ പരിചയപ്പെടുകയും പ്രദര്‍ശനത്തിലെ പുസ്തകശേഖരത്തെ അഭിനന്ദിക്കുകയും ചെയ്തു.
ഒക്ടോബര്‍ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ പ്രദര്‍ശനം ഉണ്ടായിരിക്കും. ഇതോടനുബന്ധിച്ച് സാഹിത്യസംവാദങ്ങള്‍, കഥപറച്ചില്‍, കവിതാപാരായണം തുടങ്ങി സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്.

