

ചെന്നൈ: നടന്‍ റഹ്മാന്റെ പ്രിയപ്പെട്ട കായിക വിനോദങ്ങളാണ് ഫുട്‌ബോളും ബാഡ്്മിന്റനും ടേബിള്‍ ടെന്നീസുമൊക്കെ. ഈ സ്‌പോര്‍ട്‌സ് വിഭാഗങ്ങളില്‍ മികച്ച പ്ലെയറുമാണ് അദ്ദേഹം. ബാക്ക് പെയിന്‍ കാരണമാണ് കളികളില്‍ നിന്നും പതിയെ പിന്മാറി തുടങ്ങിയത്. തുടര്‍ന്ന് സ്നൂക്കറില്‍ ശ്രദ്ധ വയ്ക്കാന്‍ തുടങ്ങി. ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് റേസ് ക്ലബ്ബിലെ മികച്ച സ്നൂക്കര്‍ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് റഹ്മാന്‍. പതിനഞ്ച് വര്‍ഷം മുമ്പാണ് താരം സ്നൂക്കറില്‍ പരിശീലനം നേടുന്നത്.

ബക്രീദ് ദിനത്തില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്നൂക്കര്‍ ടൂര്‍ണമെന്റില്‍ റഹ്മാനും പങ്കെടുത്തു. ഏറെ ശ്രദ്ധയും അത്രയേറെ മനസ്സാന്നിധ്യവും വേണ്ട ഗെയിമുകളില്‍ ഒന്നുകൂടിയാണ് സ്നൂക്കര്‍. പൊന്നിയിന്‍ സെല്‍വനടക്കം മൂന്ന് സിനിമകളുടെ ഡബ്ബിംഗിനിടയില്‍ നിന്ന് സമയം കണ്ടെത്തിയാണ് റഹ്മാന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയത്. എന്നിട്ടും സിംഗിള്‍സില്‍ മൂന്നാം സ്ഥാനം ഡബിള്‍സില്‍ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി. എന്നാല്‍ താരത്തിനു ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടാനായില്ല. അതിനെ കുറിച്ച് ‘എവര്‍ ഗ്രീന്‍ സ്റ്റാര്‍’ റഹ്മാന്‍ ഇങ്ങനെ പറഞ്ഞു:
ഈ കളിയില്‍ പങ്കെടുക്കാന്‍ ആദ്യം മാനസികമായി കുറെ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. ശ്രദ്ധ മാറാന്‍ പാടില്ല. സാധാരണ കായിക മത്സരങ്ങളില്‍ നിന്നും വേറിട്ട് ബുദ്ധി വൈദഗ്ധ്യത്തോടെയും ഏകാഗ്രതയോടെയും കളിക്കേണ്ടുന്ന ഒന്നാണിത്. മാത്രമല്ല വസ്ത്ര ധാരണം മുതല്‍ കളിക്കാര്‍ പാലിക്കേണ്ട ചിട്ടകളും ഒട്ടനവധിയുണ്ട്. അതീവ ശ്രദ്ധയോടെ കളിക്കണം. സിനിമകളുടെ ഡബ്ബിംഗും ഷൂട്ടിങ്ങും തിരക്കും കാരണം എനിക്കു കളിയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞില്ല. അടുത്ത തവണ തീര്‍ച്ചയായും മത്സരത്തില്‍ പങ്കെടുക്കും. അപ്പോള്‍ ഒന്നാം സ്ഥാനം നേടാന്‍ പരിശ്രമിക്കും.
