

തിരുവനന്തപുരം: കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് കേരളത്തില്‍ മഴ പെയ്യാന്‍ കാരണം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയുണ്ടാവാനും സാധ്യതയുണ്ട്. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്. അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ച് മാറിത്താമസിക്കണം.

ബോട്ട്, വള്ളം മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുകയും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

