

ദോഹ: ഖത്തര്‍ സംസ്‌കൃതി- സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര സമര്‍പ്പണവും സാംസ്‌കാരിക സമ്മേളനവും ഡിസംബര്‍ 30ന് വെള്ളിയാഴ്ച്ച വൈകിട്ട് ആറരയ്ക്ക് ഐ സി സി അശോക ഹാളില്‍ നടക്കും. അരലക്ഷം ഇന്ത്യന്‍ രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌ക്കാരം.

‘മാണീം ഇന്ദിരാഗാന്ധീം’ എന്ന ചെറുകഥയ്ക്ക് യു എസ് എയിലെ ഷിക്കാഗോ പ്രവാസി പ്രിയ ജോസഫിനാണ് ഈ വര്‍ഷത്തെ പുരസ്‌ക്കാരം. പുരസ്‌ക്കാര സമര്‍പ്പണത്തോടൊപ്പം ഈ വര്‍ഷത്തെ ജൂറി ചെയര്‍മാനും പ്രശസ്ത സാഹിത്യനിരൂപകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഡോ. ഇ പി രാജഗോപാലന്റെ പ്രഭാഷണവും ഉണ്ടാകും.

ഇതുകൂടി വായിക്കുക:
എല്ലാവര്‍ഷവും പ്രവാസി മലയാളികള്‍ എഴുതിയ മികച്ച മലയാള ചെറുകഥയ്ക്ക് നല്‍കുന്ന നിലവിലെ ഏറ്റവും വിലയേറിയ പ്രവാസ ചെറുകഥാ പുരസ്‌കാരമാണ് സംസ്‌കൃതി- സി വി ശ്രീരാമന്‍ പുരസ്‌ക്കാരം. 2013 വരെ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ നിന്നുള്ള മികച്ച ചെറുകഥയ്ക്കു മാത്രമായി കൊടുത്തു വന്നിരുന്ന പുരസ്‌കാരം 2014 മുതല്‍ ജി സി സി രാഷ്ട്രങ്ങളില്‍ താമസിക്കുന്ന പ്രവാസികളിലേക്ക് വിപുലമാക്കിയിരുന്നു. ഈ വര്‍ഷം മുതലാണ് ലോകത്തെമ്പാടുമുള്ള പ്രവാസികള്‍ക്കായി പുരസ്‌ക്കാരം വ്യാപകമാക്കിയത്. ജപ്പാന്‍, ആസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള നൂറോളം കഥകളില്‍ നിന്നാണ് ഈ വര്‍ഷത്തെ ജേത്രിയെ തെരഞ്ഞെടുത്തത്.

