

ദോഹ: ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ 78-ാമത് ജന്മദിനം ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സദ്ഭാവനാ ദിനമായി ആചരിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുംബൈ ഹാളില്‍ നടന്ന ചടങ്ങ് ഐ സി സി മുന്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ സാങ്കേതിക പുരോഗതിക്ക് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയുടെ ഭരണ കാലഘട്ടത്തിലാണെന്നും അതുകൊണ്ട് തന്നെയാണ് അദ്ദേഹം നവഭാരത ശില്പി ആയി അറിയപ്പെടുന്നതെന്നും എ പി മണികണ്ഠന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സ്മരിച്ചു. പഞ്ചായത്തീരാജ് നടപ്പിലാക്കുക വഴി അധികാര വികേന്ദ്രീകരണത്തിന് തുടക്കം കുറിക്കാനും വോട്ടവകാശത്തിനുള്ള പ്രായപരിധി പതിനെട്ടാക്കി കുറക്കുക വഴി ചെറുപ്പക്കാരെ ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ കൂടുതല്‍ പങ്കാളിയാക്കാനും രാജീവ് ഗാന്ധിക്ക് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു.

വി. എസ് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ച് ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ടസ് സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗം കെ വി ബോബന്‍, ഡേവിസ് ഇടശ്ശേരി, ജയപാല്‍ തിരുവനന്തപുരം, ആന്റണി ജോണ്‍ കൊല്ലം, അശ്‌റഫ് നന്നം മുക്ക് എന്നിവര്‍ രാജീവ് ഗാന്ധിയെ സ്മരിച്ച് സംസാരിച്ചു.
ചടങ്ങില്‍ ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ഫാസില്‍ ആലപ്പുഴ നന്ദിയും പറഞ്ഞു.

