

ദോഹ: റമദാനെ സ്വാഗതം ചെയ്യാന്‍ ഖത്തര്‍ ഒരുങ്ങി. മസ്ജിദുകള്‍ വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ഓരോ പള്ളിയിലും പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്.

റമദാനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ഖത്തര്‍ ഇസ്‌ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു. പള്ളികളും ഇഫ്താര്‍ ടെന്റുകളും ഒരുക്കിക്കഴിഞ്ഞു.

ഇഫ്താര്‍ സൗകര്യങ്ങള്‍ക്കായി 24 ടെന്റുകളാണ് ഔഖാഫ് മന്ത്രാലയം നിര്‍മിച്ചിരിക്കുന്നത്. റമദാനിലെ അവസാന പത്തു ദിവസം ഉള്‍പ്പെടെ ഇഅ്തികാഫ് ഇരിക്കാനായി രാജ്യത്തെ ഇരുന്നൂറോളം പള്ളികളിലാണ് അധികൃതര്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
റമദാനുമായി ബന്ധപ്പെട്ട് സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആയിരത്തോളം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. റമദാന് മുന്നോടിയായി നിരവധി അഹ്‌ലന്‍ റമദാന്‍ പരിപാടികള്‍ വിവിധ ഭാഷകളില്‍ ഇതിനകം നടത്തിക്കഴിഞ്ഞു.
റമദാന്‍ മാസം എത്തുന്നതിന് തൊട്ടു മുമ്പായി 15 പുതിയ പള്ളികളാണ് തുറന്നത്. നോമ്പിന് പുതിയ 10 പള്ളികള്‍ കൂടി തുറക്കും.
ഈ വര്‍ഷം 170 ദശലക്ഷം റിയാല്‍ സക്കാത്ത് ശേഖരിക്കാനാവുമെന്നാണ് സക്കാത്ത്കാര്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഫിത്വര്‍ സക്കാത്ത് സ്വീകരിക്കാനുള്ള ഒരുക്കങ്ങളും നിര്‍വഹിച്ചു. സക്കാത്ത് യോഗ്യരായവര്‍ക്ക് വിതരണം ചെയ്യാന്‍ മൂന്ന് പദ്ധതികളാണ് അധികൃതര്‍ നടപ്പിലാക്കുക.
റമദാന്‍ ആഗതമായതോടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളും മിനി മാര്‍ക്കറ്റുകളും ഓഫര്‍ പ്രഖ്യാപിച്ചാണ് തയ്യാറെടുപ്പ് നടത്തിയത്. കഴിഞ്ഞ ആഴ്ച മുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇഫ്താറുകള്‍ക്കായി ഹോട്ടലുകളും ഒരുങ്ങി. പതിവ് നോമ്പുതുറകള്‍ക്ക് പുറമേ സംഘടനകളുടേയും കമ്യൂണിറ്റികളുടേയും നോമ്പുതുറകള്‍ക്കുള്ള ബുക്കിംഗും ഹോട്ടലുകളില്‍ നേരത്തെ തന്നെ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റമദാന്‍ ആഗതമാകുന്നതിന് മുമ്പുതന്നെ സംഘടനകളും വ്യത്യസ്ത കമ്യൂണിറ്റികളും സമൂഹ നോമ്പുതുറകളുടെ തിയ്യതികള്‍ തീരുമാനിച്ചിട്ടുണ്ട്.
ഖത്തര്‍ ചാരിറ്റി ഉള്‍പ്പെടെയുള്ളവ നടത്താറുള്ള റമദാന്‍ തമ്പുകളും ഒരുങ്ങിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റമദാന്‍ തമ്പുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. തമ്പുകളിലും പള്ളികളിലും സൗജന്യ നോമ്പുതുറ ഒരുക്കുന്നത് ആയിരക്കണക്കിന് പേര്‍ക്ക് സഹായകരമാണ്.
കാലാവസ്ഥ അനുകൂലമായതിനാല്‍ റമദാന്‍ ഈ വര്‍ഷം സുഖകരമായി മുമ്പോട്ടു പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിമൂന്ന് മണിക്കൂറാണ് ഈ വര്‍ഷം ഖത്തറില്‍ നോമ്പുകാലം.
റമദാനില്‍ നാട്ടില്‍ പോകുന്നവര്‍ക്കും വിമാന ടിക്കറ്റ് നിരക്ക് നിലവില്‍ അനുകൂലമാണ്. വലിയ നിരക്ക് ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് പോകാനാവും. എന്നാല്‍ ചൂടില്ലാത്തതും തണുത്തതുമായ കാലാവസ്ഥയായതിനാല്‍ നാട്ടില്‍ പോകുന്നവരുടെ എണ്ണം കുറയാനാണ് സാധ്യത.
റമദാന്‍ അനുഭവങ്ങള്‍ അവിസ്മരണീയമാക്കാന്‍ വിസിറ്റ് ഖത്തര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വെല്‍ക്കം ഔര്‍ ഡിയര്‍ നെയിബേഴ്‌സ് കാംപയിനില്‍ ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവരെ ഖത്തറിലേക്ക് ക്ഷണിക്കുകയാണ് വിസിറ്റ് ഖത്തര്‍.
ഖത്തറിന്റെ സാംസ്‌ക്കാരിക പൈതൃകം പ്രകടമാക്കുന്ന പരിപാടികളും ആതിഥ്യ മര്യാദയുടെ പ്രതിഫലനവും വിശുദ്ധ മാസത്തിന്റെ ചൈതന്യം
ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന കാംപയിന്‍ ജി സി സിയിലെ മറ്റു രാജ്യങ്ങളുമായി ഖത്തറിനുള്ള ബന്ധം ശക്തമാക്കുന്നതായിരിക്കും.
ഈ വര്‍ഷം ആയിരത്തിലേറെ ഉത്പന്നങ്ങള്‍ക്കാണ് വാണിജ്യ- വ്യവസായ മന്ത്രാലയം റമദാന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യ ഇനങ്ങളില്‍ വിവിധ ധാന്യപ്പൊടികള്‍, പഞ്ചസാര, അരി, പാസ്ത, ചിക്കന്‍, പാചക എണ്ണ, പാല്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്കും ഭക്ഷ്യേതര ഇനങ്ങളില്‍ ടിഷ്യൂ, അലുമിനിയം ഫോയില്‍, ഗാര്‍ഹിക ശുചിത്വ ഉത്പന്നങ്ങള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്കുമാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്.

