Business
റവാബി ഹൈപ്പര്‍മാര്‍ക്കറ്റും ഗോലാലിറ്റയുമായി കരാര്‍ ഒപ്പുവെച്ചു

ദോഹ: ഉപഭോക്തൃ കേന്ദ്രീകൃത നവീകരണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പില്‍ വൈവിധ്യമാര്‍ന്ന ഉത്പന്ന വിഭാഗങ്ങളില്‍ അനുയോജ്യമായ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതിന് ഖത്തറിന്റെ മുന്‍നിര ജീവനക്കാരുടെ പ്രതിഫല- ഇടപാട് പ്ലാറ്റ്ഫോമായ ഗോലാലിറ്റയുമായി റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഔദ്യോഗികമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.


ഇസ്ഗാവയിലെ റവാബി ഹൈപ്പര്‍മാര്‍ക്കറ്റില്‍ രണ്ട് സ്ഥാപനങ്ങളിലെയും പ്രധാന മാനേജ്മെന്റ് പ്രതിനിധികളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ സഹകരണം ഔപചാരികമായി നടന്നു.

ഗോലാലിറ്റയുടെ സി ഇ ഒ അലി അല്‍ യാഫി കരാറില്‍ ഒപ്പുവച്ചു. അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബേക്കറിന്റെ സാന്നിധ്യവും ചടങ്ങില്‍ ശ്രദ്ധേയമായി. പര്‍ച്ചേസ് മാനേജര്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍, ഫിനാന്‍സ് മാനേജര്‍മാരായ നവാസ് കെ പി, സാബിഖ് അലി, മാര്‍ക്കറ്റിംഗ് മാനേജര്‍ സജിത്ത് ഇ പി, ഓപ്പറേഷന്‍ മാനേജര്‍ അന്‍സാര്‍ പി പി, സ്റ്റോര്‍ മാനേജര്‍ ബിനീഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


സംരംഭത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത ഗോലാലിറ്റ ഉപയോക്താക്കള്‍ക്ക് ഖത്തറിലെ റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖകളില്‍ എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങള്‍ ലഭിക്കും. വസ്ത്രങ്ങള്‍, സ്ത്രീ വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയില്‍ 10 ശതമാനം കിഴിവ്, ഭക്ഷണത്തിനും ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്കും 2 ശതമാനം കിഴിവ്
ഗോലാലിറ്റ റിവാര്‍ഡ്‌സ് ആപ്പ് വഴി കിഴിവ് ആക്സസ് ചെയ്യാന്‍ കഴിയും. ഇത് യോഗ്യരായ അംഗങ്ങള്‍ക്ക് ഷോപ്പിംഗ് അനുഭവം സുഗമമാക്കുകയും താങ്ങാനാവുന്ന വിലയില്‍ മികവ് പുലര്‍ത്താനുള്ള റവാബിയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യും.


