

വാഷിംഗ്ടണ്‍: അരിസോണയില്‍, പാര്‍ട്ട് ടൈം ലിഫ്റ്റ് ഡ്രൈവര്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ ഭീഷണിപ്പെടുത്തിയത് കൊല്ലുമെന്നായിരുന്നു. യൂട്ടയിലാവട്ടെ യൂത്ത് ട്രീറ്റ്മെന്റ് സെന്റര്‍ സ്റ്റാഫ് കൊളറാഡോയുടെ തെരഞ്ഞെടുപ്പ് മേധാവി എവിടെ താമസിക്കുന്നതെന്ന് അറിയാമെന്നും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നുമുള്ള ഭീഷണിയാണ് ലഭിച്ചത്. വെര്‍മോണ്ടില്‍ നിര്‍മാണ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ട ഒരാളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസിലേയും വോട്ടിംഗ് ഓഫിസര്‍മാരേയും വിളിച്ച് അവരെല്ലാം മരിക്കാന്‍ പോവുകയാണെന്ന് ഭീഷണിപ്പെടുത്തിയത്. ദിവസങ്ങള്‍ എണ്ണപ്പെട്ടതായും വായില്‍ എഫ് പിസ്റ്റളിട്ട് ട്രിഗര്‍ വലിക്കാനുള്ള സമയമായെന്നും ഡിസംബറിലാണ് വെര്‍മോണ്ടിലെ ഉദ്യോഗസ്ഥരെ ന്യൂഇംഗ്ലണ്ട് ഉച്ചാരണമുള്ളയാള്‍ ഭീഷണിപ്പെടുത്തിയത്.

ഇപ്പറഞ്ഞവര്‍ക്കെല്ലാം നല്ല സാമ്യമുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പറയുന്നത്. എല്ലാവരും ട്രംപ് അനുകൂലികളും ദേശസ്നേഹികളെന്ന് സ്വയം വിശേഷിപ്പിച്ചവരുമായിരുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് നുണകള്‍ പ്രചരിച്ച തീവ്ര വലതുപക്ഷ വെബ്സൈറ്റുകളുടെ സ്ഥിരം വായനക്കാരുമായിരുന്നു അവര്‍. എന്നാല്‍ അവരുടെ ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നല്കിയെങ്കിലും നിയമ നിര്‍വഹണ ഏജന്‍സികള്‍ ആരുടെ മേലും കുറ്റം ചുമത്തിയിട്ടുമുണ്ടായിരുന്നില്ല.

നാല് സംസ്ഥാനങ്ങളിലെ ആറ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ഡസനോളം ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. റോയിട്ടേഴ്സ് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ അഭ്യര്‍ഥന പ്രകാരം അവരുടെ സന്ദേശങ്ങള്‍ അവലോകനംചെയ്ത നാല് നിയമ വിദഗ്ധരുടെ അഭിപ്രായപ്രകാരം യു എസ് ഫെഡറല്‍ സ്റ്റാന്റേര്‍ഡ് ഫോര്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ പ്രകാരം ഇതില്‍ ഏഴെണ്ണവും ശാരീരിക ഉപദ്രവോ മരണമോ ഉള്‍പ്പെടുന്ന ഭീഷണികളാണെന്നതാണ്.
പൊതു ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന തരത്തിലേക്ക് സാധാരണ ജീവിത നിലവാരമോ ജോലിയോ മാത്രമുള്ളവര്‍ എത്തിച്ചേര്‍ന്നതെങ്ങനെയെന്ന കാഴ്ചപ്പാട് നല്കുന്നവയാണ് ഈ കേസുകള്‍. അമേരിക്കന്‍ ജനാധിപത്യത്തിന്റെ മുന്‍നിര പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭയപ്രചാരണത്തിന്റെ ഭാഗമാണ് അവരെന്നാണ് റോയിട്ടേഴ്സിന്റെ കണ്ടെത്തല്‍. നിയമ വിദഗ്ധരുടെ അഭിപ്രായത്തില്‍ 12 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിപ്പെടുത്തുന്ന 800 സന്ദേശങ്ങളെങ്കിലും ലഭിച്ചിട്ടുണ്ട്.
ഈ കേസുകള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനെതിരായ അസാധാരണമായ ആക്രമണവും നിയമപാലകര്‍ അതിനോടു കാണിക്കുന്ന സമീപനവുമാണ് എടുത്തുകാണിക്കുന്നത്. ജൂണ്‍ മാസത്തില്‍ വ്യാപകമായ ഭീഷണിയെ കുറിച്ച് വാര്‍ത്തകള്‍ പുറത്തു വന്നതിനു ശേഷം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണികള്‍ അന്വേഷിക്കാന്‍ യു എസ് നീതിന്യായ വകുപ്പ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുകയും സംഭവങ്ങള്‍ കൃത്യമായി പിന്തുടരുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവയൊന്നും കാര്യമായി പുരോഗമിച്ചില്ല. ഒരു അറസ്റ്റു പോലും ഉണ്ടായിട്ടില്ലെന്നതാണ് നേര്.
പല കേസുകളിലും അന്വേഷണം പോലും നടന്നില്. ചില സന്ദേശങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയും ചെയ്തു. യു എസ് സുപ്രിം കോടതി ക്രിമിനല്‍ ഭീഷണിയുടെ വ്യക്തമായ നിര്‍വചം രേഖപ്പെടുത്തിയിട്ടില്ലെന്നത് നിയമപണ്ഡിതരിലും നിയമപാലകരിലും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.
ഇതോടെയാണ് ഈ കാര്യത്തില്‍ അന്വേഷണം നടത്തി നിജസ്ഥിതി വെളിപ്പെടുത്താന്‍ റോയിട്ടേഴ്സ് മുന്നിട്ടിറങ്ങിയത്. ഭീഷണി മുഴക്കിയവരെ കുറിച്ചറിയാനും അതിന് അവരെ പ്രചോദിപ്പിച്ചത് എന്താണെന്നും തിരിച്ചറിയാനായിരുന്നു വാര്‍ത്താ ഏജന്‍സിയുടെ ശ്രമം. 12 സംസ്ഥാനങ്ങളിലെ നിരവധി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ഭീഷണി മുഴക്കിയ രണ്ടു ഡസനോളം പേരുടെ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ വിലാസങ്ങളും ശേഖരിക്കുകയും ചെയ്തു.
ഇതില്‍ ഒന്‍പത് പേരുമായി റോയിട്ടേഴ്സ് സംസാരിക്കുകയുണ്ടായി. ഭീഷണികള്‍ക്കും ശത്രുതാപരമായ സന്ദേശങ്ങള്‍ക്കും പിന്നില്‍ തങ്ങളായിരുന്നുവെന്ന് അവരെല്ലാവരും സമ്മതിച്ചു.
കൗതുകകരമായ കാര്യം ഒന്‍പതുപേരും തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നുവെന്നതായിരുന്നു. പറയുകയോ അയക്കുകയോ ചെയ്ത സന്ദേശങ്ങള്‍ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുകയോ സുരക്ഷാ ഭീതി ഉണ്ടാക്കുകയോ ചെയ്തുവെന്ന് അറിയിച്ചപ്പോള്‍ അവരില്‍ രണ്ടു പേര്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ഏഴു പേരും അതിന് തയ്യാറായിരുന്നില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണി സന്ദേശങ്ങള്‍ക്ക് അര്‍ഹരാണെന്ന നിലപാടായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.
ജനുവരി ആറിന് ക്യാപിറ്റോളില്‍ നടന്ന അതിക്രമത്തില്‍ പങ്കെടുത്ത കലാപകാരികള്‍ കൊണ്ടുനടന്നതിന് സമാനമായ വിശ്വാസങ്ങള്‍ തന്നെയാണ് ഇവര്‍ക്കും ഉണ്ടായിരുന്നത്. കമ്യൂണിസ്റ്റുകള്‍ക്കെതിരെ ദേശസ്നേഹികളുടെ പ്രകടനമായും നന്മയും തിന്മയും തമ്മിലുള്ള യുദ്ധമായും വിലയിരുത്തിയ അവരില്‍ പലരും അടിസ്ഥാനരഹിതമായ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ കൂട്ടായ്മയിലെ തീവ്രവാദ ആശയങ്ങള്‍ തന്നെയാണ് പ്രചരിപ്പിച്ചത്.

