

ദോഹ: ഇന്ത്യയിലെ വിവരാവകാശ നിയമം പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടേണ്ട ഒന്നാണെങ്കിലും കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വിവരാവകാശ നിയമപ്രകാരം തേടാന്‍ ഇന്നും സാധ്യമാക്കിയിട്ടില്ല. നേരിട്ട് മാത്രമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധികുകയുള്ളൂ. അതുകൊണ്ടുതന്നെ പ്രവാസികള്‍ പ്രായോഗികമായി വിവരാവകാശ നിയമ പരിധിയില്‍ നിന്ന് പുറത്താണ്. ഇന്ത്യയില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനം ഉള്ളത്.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ രണ്ടായിരത്തിലധികം വരുന്ന സേവനങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍ സംവിധാനം വഴി വിവരാവകാശം തേടാവുന്നതിനാല്‍ പ്രവാസികള്‍ക്ക് ഈ സംവിധാനം ഏറെ പ്രയോജനം ലഭിക്കുന്നുണ്ട്.
പ്രവാസികള്‍ക്ക് വിവരാവകാശ നിയമപ്രകാരം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ 2019 മുതല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളില്‍ ആവശ്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഒമ്പത് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയത് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ സാഹചര്യത്തില്‍ വിഷയത്തില്‍ മൂന്ന് ആഴ്ചക്കകം മറുപടി നല്‍കാന്‍ ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹയും ഉള്‍പ്പെടുന്ന ബഞ്ച് രാജ്യത്തെ ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

