

ദോഹ: കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളുടെ പങ്ക് അവിസമരണീയമാണെന്ന് പി ടി എ റഹീം എം എല്‍ എ പറഞ്ഞു. ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍’ എന്ന പ്രമേയത്തില്‍ ഐ സി എഫ് സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അല്‍സദ്ദ് യൂണിറ്റ് സംഘടിപ്പിച്ച യുനി- ടുഗെതര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി പടുത്തുയര്‍ത്തുന്നതില്‍ വലിയ പങ്കാണ് പ്രവാസികള്‍ വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സക്രിയ പ്രവാസം സാധ്യമാക്കുന്നതില്‍ മലയാളിയുടെ ത്യാഗസന്നദ്ധതയും ആത്മാര്‍ഥതയും സഹായകമായി എന്ന് സംഗമം അഭിപ്രായപ്പെട്ടു.
പ്രവാസലോകത്ത് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ആദരവും സംഗമത്തില്‍ നടന്നു.
ഐ സി എഫ് ഖത്തര്‍ നാഷനല്‍ സെക്രട്ടറി സിറാജ് ചൊവ്വ കേരള യുവജന സമ്മേളന സന്ദേശവും കഫീല്‍ പുത്തന്‍പള്ളി യൂണിറ്റ് സമ്മേളന പ്രമേയപ്രഭാഷണവും നിര്‍വഹിച്ചു. നൗഷാദ് അതിരുമട, സയ്യിദ് സിദ്ദീഖ് തങ്ങള്‍, മജീദ് മുക്കം, വഹാബ് സഖാഫി, സുഹൈല്‍ കെട്ടുങ്ങല്‍, സൈനുല്‍ ആബിദ് തങ്ങള്‍, ഇബ്രാഹിം സഖാഫി, റമീസ് തളിക്കുളം പ്രസംഗിച്ചു.
ഷെഹീന്‍ വളപട്ടണം സ്വാഗതവും അബ്ദുല്ല സഖാഫി നന്ദിയും പറഞ്ഞു.

