

കാക്കനാട്: ബുക്ക് ചെയ്താല്‍ ഓണക്കാലത്ത് വില കുറഞ്ഞ മദ്യം ആവശ്യക്കാരുടെ വീടുകളില്‍ എത്തിക്കുവാന്‍ ഓര്‍ഡര്‍ എടുത്ത് വന്നിരുന്ന സംഘം വ്യാജ മദ്യവുമായി എക്‌സൈസിന്റെ പിടിയില്‍. കാക്കനാട് ഇടച്ചിറ സ്വദേശി കുന്നേപ്പറമ്പില്‍ വീട്ടില്‍ തോക്ക് എന്ന് വിളിക്കുന്ന സുരേഷ് (52), സുരേഷിന്റെ ഭാര്യ മിനി (47), കാക്കനാട് ഇടച്ചിറ പര്‍ലിമൂല വീട്ടില്‍ ഫസലു എന്ന നാസര്‍ (42) എന്നിവരാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജന്‍സ്, എറണാകുളം സിറ്റി എക്‌സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ താമസ സ്ഥലത്ത് നിന്ന് പുതുച്ചേരിയില്‍ നിന്ന് കടത്തി കൊണ്ട് വന്ന അര ലിറ്ററിന്റെ 77 കുപ്പി വ്യാജമദ്യം എക്‌സൈസ് പിടിച്ചെടുത്തു.

വന്‍ ലാഭം പ്രതീക്ഷിച്ച് മദ്യക്കച്ചവടത്തിന് ഇറങ്ങിയ തോക്കിനും സംഘത്തിനും ഇനി പൊന്നോണം ജയിലില്‍ ആഘോഷിക്കാം. അതീവ രഹസ്യമായായിരുന്നു ഇവര്‍ മദ്യക്കച്ചവടത്തിനുള്ള ഓര്‍ഡര്‍ എടുത്തിരുന്നത്. ചുറ്റുപാടും ഉള്ള ആര്‍ക്കും തന്നെ ഇവര്‍ മദ്യം നല്‍കിയിരുന്നില്ല. ഓര്‍ഡര്‍ എടുത്ത ശേഷം ഓണക്കാലത്ത് വന്‍തോതില്‍ വ്യാജമദ്യം ആവശ്യക്കാരുടെ വീടുകളില്‍ എത്തിക്കുവാനായിരുന്നു ഇവരുടെ പദ്ധതി. ഏറ്റവും കുറഞ്ഞത് പത്തെണ്ണം എങ്കിലും ബുക്ക് ചെയ്യണം. പത്തെണ്ണം ബുക്ക് ചെയ്താല്‍ ഒരെണ്ണം സൗജന്യമായി നല്‍കും. കാക്കനാട് ഭാഗത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അപ്പുറത്തേക്കുള്ള പ്രദേശങ്ങളില്‍ നിന്ന് മാത്രമേ ഓര്‍ഡര്‍ എടുത്തിരുന്നുള്ളൂ. മദ്യവില്‍പ്പന പരിസരവാസികള്‍ അറിയാതിരിക്കാനായിരുന്നു ഇത്തരത്തില്‍ ചെയ്തിരുന്നത്.

അന്യസംസ്ഥാനക്കാരുടെ ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രധാനമായും ബുക്കിങ്ങ് എടുത്തിരുന്നത്. ഓര്‍ഡര്‍ പിടിച്ച് കൊടുത്തിരുന്നത് ഫസലു എന്ന നാസര്‍ ആണ്. ഓര്‍ഡര്‍ ലഭിച്ച പ്രകാരമുള്ള മദ്യം ബിഗ് ഷോപ്പര്‍ സഞ്ചിയില്‍ അടക്കി വച്ച ശേഷം സഞ്ചിയുടെ മുകള്‍ ഭാഗത്ത് അങ്ങാടി മരുന്നുകള്‍ നിരത്തും. തുടര്‍ന്ന് സുരേഷും ഭാര്യയും കൂടി ഓട്ടോ റിക്ഷയില്‍ അങ്ങാടി മരുന്ന് എത്തിക്കുന്നു എന്ന വ്യാജേന ആവശ്യക്കാരുടെ വീടുകളില്‍ സാധനം എത്തിക്കുന്നതായിരുന്നു ഇവരുടെ വില്‍പ്പനയുടെ രീതി. നേരത്തെ ഇവര്‍ക്ക് അങ്ങാടി മരുന്നുകളുടെ കച്ചവടം ആയിരുന്നു. മൂന്ന് കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ഉണ്ടെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജ്ജും ഈടാക്കും. അല്ലെങ്കില്‍ ഡെലിവറി ഫ്രീ ആണ്.
അരലിറ്റര്‍ മദ്യത്തിന് 350 രൂപയാണ് ഈടാക്കിയിരുന്നത്. ബുക്കിംഗ് പൊടി പൊടിച്ചതോടെ അതീവ രഹസ്യമായി നടത്തിയിരുന്ന മദ്യക്കച്ചവടം പരസ്യവാചകം പോലെ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റെ ടീമിന്റെ ചെവിയിലുമെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇടച്ചിറ സ്വദേശിയായ തോക്ക് എന്ന് വിളിക്കുന്ന സുരേഷും സംഘവുമാണ് മദ്യ കച്ചവടം നടത്തുന്നതെന്ന് എക്‌സൈസ് കണ്ടെത്തി. തോക്കിന്റെ വീട്ടില്‍ പരിശോധന നടത്തിയ എക്‌സൈസ് സംഘം ഇവരുടെ വീടിന്റെ ടെറസ്സിന് മുകളില്‍ കൂട്ടിയിട്ടിരുന്ന മണല്‍ക്കൂനക്കുള്ളില്‍ കുഴിച്ചിട്ട നിലയില്‍ 77 കുപ്പി വ്യാജമദ്യം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ അങ്ങാടി മരുന്ന് കച്ചവടത്തില്‍ ഇവരെ സഹായിച്ചിരുന്ന കുടുകുടു എന്ന് വിളിക്കുന്ന മനാഫ് എന്ന ആള്‍ പോണ്ടിച്ചേരിയില്‍ നിന്ന് കടത്തി കൊണ്ട് വന്ന് വില്‍ക്കാന്‍ ഏല്‍പ്പിച്ചതാണെന്ന് ഇവയെന്ന് ഇവര്‍ വെളിപ്പെടുത്തി. എടുത്തിരുന്ന മദ്യത്തിന്റെ ഭൂരിഭാഗവും ബുക്കിങ്ങ് ആയതോടെ കൂടുതല്‍ മദ്യം ഇറക്കാന്‍ പ്ലാന്‍ ഇടുന്നതിനിടെയാണ് പിടിയിലായതെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ മൊഴി പ്രകാരം മനാഫിനെ പ്രതി ചേര്‍ത്തിട്ടുണ്ട്.
പുതുച്ചേരിയില്‍ മാത്രം വില്‍ക്കപ്പെടുന്ന ഈ മദ്യം അവിടെ നിന്ന് നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന് ഇത്രയും അവളില്‍ കൈവശം സൂക്ഷിച്ച് വില്‍പ്പന നടത്തുന്നത് 10 വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണ്. ഈ മദ്യത്തിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വരു ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി എന്‍ സുധീര്‍ അറിയിച്ചു.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അനധികൃത മദ്യം- മയക്ക്മരുന്ന് എന്നിവ സംബന്ധിച്ച് വരും ദിവസങ്ങളിലും കര്‍ശന പരിശോധ തുടരുന്നതാണെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി സജി, ഇന്‍സ്‌പെക്ടര്‍ ടി എന്‍ അജയകുമാര്‍, സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍, എറണാകുളം റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ കെ അരുണ്‍, കെ ആര്‍ സുനില്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് വനിതാ സി ഇ ഒ സരിതാ റാണി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പി സി പ്രവീണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

