
ദോഹ: ഖത്തറില്‍ സാമൂഹിക- സാംസ്‌കാരിക- ബിസിനസ്സ് രംഗങ്ങളില്‍ അഞ്ചുപതിറ്റാണ്ടോളം നിറസാന്നിധ്യമായിരുന്ന സാം കുരുവിള പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. ഖത്തറിലെ മലയാളി സമൂഹത്തിനിടയില്‍ മതേതരത്വത്തിന്റെയും സൗഹൃദത്തിന്റെയും മുഖമായിരുന്ന അദ്ദേഹത്തിന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

ഇസ്ലാഹി സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു. ഒന്നാം ഖത്തര്‍ മലയാളി സമ്മേളനം മുതല്‍ ഇസ്ലാഹി സെന്ററുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു സാം കുരുവിളയെന്ന് സെന്റര്‍ പ്രസിഡന്റ് സിറാജ് ഇരിട്ടി അനുസ്മരിച്ചു. നല്ലൊരു സഹൃദയനും ഉന്നതമായ മതേതര കാഴ്ചപ്പാട് പുലര്‍ത്തുന്ന വ്യക്തിയുമാണ് അദ്ദേഹമെന്നും സിറാജ് ഇരിട്ടി കൂട്ടിച്ചേര്‍ത്തു.


ചടങ്ങില്‍ അബ്ദുല്ലത്തീഫ് നല്ലളം, ഷമീര്‍ വലിയവീട്ടില്‍, നസീര്‍ പാനൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മുജീബ് മദനി, നിസാര്‍ ചെട്ടിപ്പടി തുടങ്ങിയവര്‍ സംബന്ധിച്ചു.
ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഖത്തറിലെ പ്രവാസി സമൂഹത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ സ്മരിച്ചു. സാമൂഹിക സേവന രംഗത്തും ബിസിനസ് രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച സാം കുരുവിള ദോഹയിലെ സാംസ്‌കാരിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു. ഇസ്ലാഹി സെന്ററിന്റെ സ്‌നേഹോപഹാരം അദ്ദേഹത്തിന് കൈമാറി.

