
മസ്‌കത്ത്: പശ്ചിമേഷ്യന്‍ മേഖലയ്ക്ക് പുറത്തുള്ള ശക്തികളുടെ ഇടപെടല്‍ ഒഴിവാക്കി പ്രശ്‌ന പരിഹാരം തേടണമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറഘ്ചിയും ഒമാന്റെ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഏപ്രില്‍ 13 മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളെ ലക്ഷ്യമിട്ട് യു എസ് നാവികസേന ആരംഭിച്ച പ്രതിരോധ നടപടികള്‍ക്ക് എതിരായ നിലപാടായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഹോര്‍മുസ് കടലിടുക്ക് ഇരുരാജ്യങ്ങളുടെയും വിഷയമാണെന്ന് ചൂണ്ടിക്കാട്ടി പുതിയ ‘നാവിഗേഷന്‍ സംവിധാനം’ രൂപപ്പെടുത്താനാണ് ശ്രമം.

പരമ്പരാഗതമായി നിഷ്പക്ഷ ഇടനിലക്കാരനായി അറിയപ്പെട്ടിരുന്ന ഒമാന്‍ നിലവില്‍ നിലപാട് ശക്തമാക്കി. സമാധാനപരമായി കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ആവര്‍ത്തിച്ചെങ്കിലും യുദ്ധം ഇറാന്റെ സൃഷ്ടിയല്ലെന്നും സൈനിക സമ്മര്‍ദ്ദത്തിനുപകരം പ്രായോഗിക പരിഹാരങ്ങളാണ് ദീര്‍ഘകാല നാവിഗേഷന്‍ സ്വാതന്ത്ര്യത്തിന് ആവശ്യമായതെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
