

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ പദ്ധതി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തിലാണ് പദ്ധതിയുടെ തീരുമാനമെടുത്തത്. പ്രസിഡന്റ് ഇ സുലൈമാന്‍ മുസല്യാര്‍ അധ്യക്ഷത വഹിച്ച മുശാവറ യോഗം ജനറല്‍ സെക്രട്ഠറി കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ ഉദ്ഘാടനം ചെയ്തു.

സമസ്തയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെല്ലാം സര്‍വകലാശാലയ്ക്ക് കീഴില്‍ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമാകും. നൂറു കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. ഇതില്‍ 50 കോടി രൂപ ആദ്യ ഘട്ടമായി സമാഹരിക്കാനാണ് നീക്കം.

പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവത്ക്കരണവും വാണിജ്യ- വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും ആരംഭിക്കും. ചരിത്രം, ഭാഷാ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും സര്‍വകലാശാലയുടെ പാഠ്യപദ്ധതി. ആധുനിക സാങ്കേതിക വിദ്യാഭ്യാസത്തിനും പ്രാധാന്യമുണ്ടാകും.
