
ദോഹ: സംസ്‌കൃതി ഖത്തര്‍ പ്ലസ് ടു പരീക്ഷയില്‍ സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സംസ്‌കൃതിയുടെ പ്രഥമ പ്രസിഡന്റ് അഡ്വ. എ മുഷാബിന്റെ നാമധേയത്തില്‍ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണവും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയ സംസ്‌കൃതി അംഗങ്ങളുടെ മക്കള്‍ക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന ആദരവും ‘സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡ്- 2025’ എന്ന പേരില്‍ ആഗസ്റ്റ് 22ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് അല്‍ അഷ്ബാല്‍ സ്‌കൂളില്‍ നടക്കും.


കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്‍ മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ മുഖ്യാതിഥിയായിരിക്കും. സയന്‍സ് വിഭാഗത്തില്‍ അനീന മരിയ കുര്യാക്കോസ്, കോമേഴ്സ് വിഭാഗത്തില്‍ മലിഹ മുംതാസ് നജീബ്, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ജിയ മറിയ ജൂഡ് എന്നിവരാണ് പ്രഥമ അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്. മൂന്ന് പേരും ദോഹ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്.

ദോഹയില്‍ നടന്ന പത്രസമ്മേളത്തില്‍ സംസ്‌കൃതി മുന്‍ സെക്രട്ടറി ഇ എം സുധീര്‍, ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീകുളം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജലീല്‍ എ കെ, അഹമ്മദ്കുട്ടി അറളയില്‍, സാള്‍ട്‌സ് സാമുവല്‍, ശ്രീനാഥ് ശങ്കരന്‍കുട്ടി, അനിഷ് വി എം എന്നിവര്‍ പങ്കെടുത്തു.
