

കൊച്ചി: അന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പുറത്തിറങ്ങുന്ന ഒരു മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ നമ്മുടെ കയ്യില്‍ കിട്ടിയാല്‍ എങ്ങനെയായിരിക്കുമോ അങ്ങനെയാണ് ഓട്ടിസം ബാധിച്ച കുട്ടികളെന്ന് ചലച്ചിത്ര താരം ജയസൂര്യ. വലിയ കഴിവുകളുള്ള കുട്ടികളാണ് അവരെന്നും എന്നാല്‍ അവരുടെ മാതാപിതാക്കള്‍ക്ക് ഉള്‍പ്പെടെ പലപ്പോഴും അത്തരം കുട്ടികളുടെ കഴിവുകള്‍ പുറത്തെടുക്കാനുള്ള കഴിവുകള്‍ നമുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികളെയും കുടുംബത്തെയും സഹായിക്കുന്നതിന് റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്സ് സംഘടിപ്പിച്ച നാലാമത് സാന്റാ റണ്ണിനോടനുബന്ധിച്ച് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവര്‍ക്ക് നല്‍കാനാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം അവര്‍ക്കായി നമ്മുടെ സമയം നീക്കിവെക്കുക എന്നതാണ്. ഇത്തരം കുട്ടികള്‍ക്കായി നീക്കിവെക്കുന്ന സമയം അവര്‍ക്കുള്ള മികച്ച സമ്മാനമാണെന്നും ജയസൂര്യ പറഞ്ഞു.


കൊച്ചി മാരത്തണുകളുടെ നഗരമായി മാറുകയാണെന്നും ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ച റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സിനെ അഭിനന്ദിക്കുന്നതായും ഹൈബി ഈഡന്‍ എം പി പറഞ്ഞു.
റോട്ടറി ഡിസ്ട്രിക്ട് 3201 ഗവര്‍ണര്‍ ടി ആര്‍ വിജയ് കുമാര്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ ശ്വേത വാസുദേവന്‍, ഡിസ്ട്രിക്ട് ഡയറക്ടര്‍ അരവിന്ദ്, ചെയര്‍മാന്‍ സാബു ജോണി, ഡോ. ഫെസി ലൂയിസ്, ഡോ. അരുണ്‍ ഉമ്മന്‍, സുനില്‍ ശ്രീധര്‍, ജി എന്‍ രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ വിഭാഗങ്ങളില്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ജയസൂര്യയും ഹൈബി ഈഡന്‍ എം പിയും സമ്മാനങ്ങള്‍ വിതരണം ചെയ്തു. രണ്ടായിരത്തിലേറെ പേരാണ് സാന്റാ റണ്ണിലും സൈക്കിളിംഗിലും പങ്കെടുത്തത്.
ഓട്ടിസം ബാധിച്ച കുട്ടികളുടെ പരിപാടികള്‍, ഫിറ്റ്‌നസ് ഡാന്‍സ് തുടങ്ങി വിവിധ പരിപാടികളും സാന്റാ റണ്ണിന്റെ ഭാഗമായി അരങ്ങേറി.

