Community
ഭീകരതക്കെതിരെയുള്ള സൗദി അറേബ്യയുടെ നിലപാട് ലോകത്തിന്ന് മാതൃക: ഡോ. ഹുസൈന്‍ മടവൂര്‍

ദമ്മാം: തീവ്രവാദത്തിന്നും ഭീകരതക്കുമെതിരില്‍ ശക്തമായ നിലപാട് സ്വീകരിക്കുകയും ആഗോള തലത്തില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന സൗദി അറേബ്യയുടെ നിലപാട് ലോകത്തിന് തന്നെ മാതൃകയാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ ഹുസൈന്‍ മടവൂര്‍ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനാര്‍ഥം ദമ്മാമിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.


ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പല തരത്തിലുമുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ ഉണ്ട്.
ചിലര്‍ അത്തരം ചിന്താഗതികള്‍ പ്രചരിപ്പിക്കാന്‍ മതത്തെ കൂട്ടുപിടിക്കുകയും മത ദര്‍ശനങ്ങള്‍ തെറ്റായ നിലയില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ഥത്തില്‍ മനുഷ്യരെ ഭീതിപ്പെടുത്തുകയും അവരുടെ സൈ്വര്യജീവിതം നശിപ്പിക്കുകയും ചെയ്യുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മതവിരുദ്ധവും മനുഷ്യത്വ വിരുദ്ധമാണ്. ഇസ്‌ലാം ഊന്നല്‍ നല്‍കുന്നത് ജനങ്ങള്‍ക്ക് സമാധാന ജീവിതം ഉറപ്പ് വരുത്തുന്നതിലാണ്.

ഇക്കാര്യങ്ങള്‍ നേരത്തെത്തന്നെ മനസ്സിലാക്കി രാജ്യത്ത് നിന്ന് എല്ലാവിധ തീവ്രവാദത്തിന്റെയും ഭീകരതയുടെയും വേരറുക്കാനും സമാധാന ജീവിതം ഉറപ്പ് വരുത്താനുമുള്ള സൗദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.


ഇക്കാര്യത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് സല്‍മാനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെ സമാധാന പ്രേമികളുടെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര പ്രസ്ഥാനം ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്ന് തുടക്കത്തിലേ പ്രഖ്യാപിച്ചത് സൗദിയിലെ ഭരണാധികാരികളും പണ്ഡിതന്മാരുമാണ്.
സൗദി മതകാര്യമന്ത്രി ശൈഖ് അബ്ദുല്‍ലത്തീഫ് ആലു ശൈഖും ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖും മക്കയിലെയും മദീനയിലെയും മഹാ പണ്ഡിതന്മാരും ഉന്നത പണ്ഡിത സഭയും ഐ എസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതേ നിലപാട് തന്നെയാണ് ഇന്ത്യയിലെ മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ക്കുമുള്ളത്.
ഈയിടെയായി ലോകത്തിന്റെ വിവിധ നാടുകളിലേക്ക് ഇസ്‌ലാമിന്റെ സമാധാന സന്ദേശവും മിതത്വ സമീപനവും വിശദീകരിച്ച് കൊടുക്കാനായി വിശുദ്ധ ഹറം പള്ളികളിലെ ഇമാമുമാരെ സൗദി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്. ഈ ദൗത്യവുമായി ഔദ്യോഗികമായി ഇന്ത്യ സന്ദര്‍ശിച്ച മദീനാ ഹറം ഇമാം ശൈഖ് അബ്ദുല്ലാഹ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ബുഅയ്ജാന്ന് കേരളത്തില്‍ ആതിഥ്യമരുളാന്‍ കെ എന്‍ എമ്മിനു അവസരം ലഭിച്ചത് സസന്തോഷം അനുസ്മരിക്കുകയാണെന്നും അതിന് ഇന്ത്യന്‍ സമൂഹം ഒന്നടങ്കം സൗദി ഭരണാധികാരികളോട് നന്ദിയുള്ളവരാണെന്നും ഇന്തോ അറബ് ലീഗ് സെക്രട്ടരി ജനറല്‍ കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.


