Featured
പെഷവാര്‍ വിമാനത്താവളത്തില്‍ സൗദി വിമാനത്തിന് തീപിടിച്ചു
പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ സൗദി എയര്‍ലൈന്‍സിന്റെ മുന്‍ ലാന്‍ഡിംഗ് ഗിയറില്‍ തീപിടിത്തം.
സ്ലൈഡുകള്‍ ഉപയോഗിച്ച് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും ഉടന്‍ ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റിയാദില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിലാണ് സംഭവം നടന്നതെന്ന് രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
വിമാനത്തിലെ 276 യാത്രക്കാരെയും 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും അഗ്നിശമന സേന ഉടന്‍ തന്നെ തീ അണച്ചതിനാല്‍ അപകടം ഒഴിവാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെഷവാറില്‍ ലാന്‍ഡിംഗിനിടെ തങ്ങളുടെ ഫ്‌ളൈറ്റ് നമ്പര്‍ എസ്വി 792ന്റെ ടയറുകളില്‍ ഒന്നില്‍ നിന്ന് പുക ഉയര്‍ന്നതായി എയര്‍ലൈന്‍സ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
ഏഴ് വര്‍ഷം പഴക്കമുള്ള വിമാനം സാങ്കേതിക പരിശോധനയ്ക്കും തുടര്‍ന്നുള്ള പരിശോധനകള്‍ക്കും വിധേയമായി സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.