
ദോഹ: കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജില്‍ വിദേശ ഇന്ത്യക്കാര്‍ക്കായി (എന്‍ ആര് ഐ) സീറ്റ് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു. ഹജ്ജ് തീര്‍ഥാടകരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള കാലോചിതവുമായ നടപടിയായാണ് ഹ്രസ്വകാല ഹജ്ജ് പാക്കേജ് നടപ്പിലാക്കിയത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഈ പദ്ധതി കൂടുതല്‍ സൗകര്യപ്രദമാവും. നിലവിലുള്ള സാധാരണ ഹജ്ജ് പാക്കേജുകള്‍ക്ക് കൂടുതല്‍ ദിവസം ആവശ്യമായി വരുമ്പോള്‍ പുതുതായി അവതരിപ്പിച്ച ഷോര്‍ട്ട് പാക്കേജ് നിരവധി തീര്‍ഥാടകര്‍ക്ക് പ്രായോഗികവും സൗകര്യപ്രദവുമായ അവസരമാണ് ഒരുക്കുന്നത്.

വിദേശ രാജ്യങ്ങളിലെ ഹജ്ജ് ക്വാട്ടാ സംവിധാനങ്ങളും പ്രാദേശിക ചട്ടങ്ങളും കാരണം ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ അവര്‍ ഇന്ത്യ വഴിയാണ് ഹജ്ജ് യാത്ര നടത്തേണ്ടിവരുന്നത്. ദീര്‍ഘകാല ഹജ്ജ് പാക്കേജുകള്‍ ഇത്തരമാളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
ഹ്രസ്വകാല ഹജ്ജ് പാക്കേജില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് പ്രത്യേക സംവരണമോ ക്വാട്ടയോ ഏര്‍പ്പെടുത്തണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു. ഈ വിഭാഗത്തിലെ സീറ്റുകളില്‍ പരമാവധി 50 ശതമാനം വരെ അര്‍ഹരായ പ്രവാസി അപേക്ഷകര്‍ക്കായി സംവരണം ചെയ്യുന്നത് പരിഗണിക്കേണ്ടതുണ്ട് എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ഐ സി എഫ് കത്തയച്ചിട്ടുണ്ട്.

