
ദോഹ: അമീറിന്റെ നിര്‍ദേശപ്രകാരം ഭൂചലനത്തില്‍ തകര്‍ന്ന വെനസ്വേലയെ സഹായിക്കുന്നതിന് ഖത്തര്‍ വ്യോമപാലം (എയര്‍ ബ്രിഡ്ജ്) ആരംഭിച്ചു. തലസ്ഥാനമായ കരാക്കസിനെ നടുക്കിയ ഇരട്ട ഭൂചലനത്തെ തുടര്‍ന്ന് നടക്കുന്ന അന്താരാഷ്ട്ര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായാണ് ഖത്തറിന്റെ നടപടി.

ആഭ്യന്തര സുരക്ഷാസേനയായ ലെഖ്വിയയ്ക്ക് കീഴിലുള്ള ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഗ്രൂപ്പിലെ വിദഗ്ധ സംഘത്തെയും ഫീല്‍ഡ് ആശുപത്രികളെയും മെഡിക്കല്‍ സംഘങ്ങളെയും മാനുഷിക സഹായ സാമഗ്രികളെയും വഹിച്ചാണ് വിമാനങ്ങള്‍ വെനസ്വേലയിലേക്ക് പുറപ്പെട്ടത്.

ഭൂചലന ബാധിതര്‍ക്കായി അതിവേഗ മാനുഷിക സഹായം എത്തിക്കാനും അന്താരാഷ്ട്ര തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും ദുരന്തബാധിത പ്രദേശങ്ങളിലെ അടിയന്തര ചികിത്സാ- ദുരിതാശ്വാസ ആവശ്യങ്ങള്‍ നിറവേറ്റാനും ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
