
ടെക്‌സാസ്: അപ്പോളോ 11 ചന്ദ്രനിലിറങ്ങി കൃത്യം 52 വര്‍ഷം പൂര്‍ത്തിയായ ദിവസം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ബഹിരാകാശ യാത്ര നടത്തി. കൂടെ മൂന്നുപേരും- ജെഫ് ബെസോസിന്റെ സഹോദരനും ബിസിനസുകാരനുമായ മാര്‍ക് ബെസോസ്, നെതര്‍ലാന്റുകാരനായ 18 വയസ്സുകാരന്‍ വിദ്യാര്‍ഥി ഒലിവര്‍ ഡീമന്‍, ടെക്‌സസില്‍ നിന്നുള്ള 82 വയസ്സുകാരിയും അമേരിക്കയിലെ ആദ്യകാല വനിതാ പൈലററുമാരില്‍ ഒരാളുമായ വാലി ഫങ്ക് എന്നിവരാണ് ജെഫ് ബസോസിനൊപ്പം ബഹിരാകാശത്തേക്ക് യാത്ര നടത്തിയ സംഘത്തിലുണ്ടായിരുന്നത്. ന്യൂഷെപ്പോഡ് എന്നു പേരിട്ട പേടകത്തിലാണ് ഇവര്‍ യാത്ര നടത്തിയത്. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരന്‍ അലന്‍ ഷെപേഡിന്റെ സ്മരണയ്ക്കാണ് പേടകത്തിന് ഈ പേര് നല്കിയത്.
ഒന്‍പത് ദിവസം മുമ്പാണ് ആദ്യ സംഘം ബഹിരാകാശത്തേക്ക് കുതിച്ചത്. വിര്‍ജിന്‍ ഗാലക്ടിക് മേധാവി റിച്ചാര്‍ഡ് ബ്രാന്‍സന്‍, ഇന്ത്യന്‍ വംശജ ശിരിഷ ബാന്‍ഡ്‌ല, ഡേവ് മക്കെ, മൈക്കല്‍ മാസൂച്ചി, ബേത് മോസസ്, കോളിന്‍ ബെനറ്റ് എന്നിവരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്.
പതിനൊന്നു മിനുട്ട് യാത്രയ്ക്ക് ശേഷം ജെഫ് ബെസോസും സംഘവും ഭൂമിയില്‍ തിരികെയെത്തി. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.12നായിരുന്നു ന്യൂഷെപ്പേര്‍ഡ് പറന്നുയര്‍ന്നത്.
തങ്ങള്‍ തിരിച്ചെത്തിയതായും റോക്കറ്റിന്റെ വിജയകരമായ മൂന്നാമത്തെ ലാന്റിംഗും നാല് സ്വകാര്യ വ്യക്തികളെ കോര്‍മന്‍ ലൈനിനു മുകളിലൂടെ ബഹിരാകാത്തേക്ക് കൊണ്ടുപോകുന്ന ആദ്യത്തേതും എന്നാണ് ബ്ലൂ ഒറിജിന്‍ ട്വീറ്റ് ചെയ്തത്.
സമ്പന്നന്മാരായ വിനോദ സഞ്ചാരികള്‍ക്ക് സ്‌പേസ് ജോയ് റൈഡുകള്‍ സംഘടിപ്പിക്കാനാണ് കമ്പനികള്‍ ബഹിരാകാശ നടത്തുന്നത്.

