

ശ്രീനഗര്‍: അനന്തനാഗിലും കുല്‍ഗാമിലും നടന്ന വെടിവെയ്പില്‍ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍ വിജയകരമാണെന്ന് കശ്മീര്‍ പൊലീസ് ഐ ജി വിജയ് കുമാര്‍ പറഞ്ഞു.

ജമ്മുവിലെ രണ്ട് തെക്കന്‍ ജില്ലകളില്‍ പ്രത്യേക ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച വൈകുന്നേരത്തോടെയാണ ് ആരംഭിച്ചത്. അനന്ത്‌നാഗിലെ നൗഗാം മേഖലയില്‍ സുരക്ഷാ പ്രവര്‍ത്തനത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. അനന്ത്‌നാഗ് ഏറ്റുമുട്ടലിന് പിന്നാലെ കുല്‍ഗാം ജില്ലയിലെ മിര്‍ഹാമ ഗ്രാമത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. ഒരു ഭീകരനെ വധിച്ചുവെന്നാണ് കശ്മീര്‍ സോണ്‍ പൊലീസ് ആദ്യം ട്വീറ്റ് ചെയ്തതെങ്കിലും പിന്നീട് രണ്ടു പേരെ കൂടി വധിച്ചതായി അറിയിച്ചു.

രണ്ട് ഏറ്റുമുട്ടലുകളിലുമായി ആറ് ഭീകരര്‍ കൊല്ലപ്പെട്ടതായി വ്യാഴാഴ്ച രാവിലെ കശ്മീര്‍ പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഇതുവരെ തിരിച്ചറിഞ്ഞ നാല് ഭീകരരില്‍ രണ്ടുപേരും പാക്കിസ്ഥാനില്‍ നിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

