സ്‌കൈട്രാക്‌സ് പുരസ്‌കാരങ്ങളില്‍ നാലെണ്ണം നേടി ഖത്തര്‍ എയര്‍വേസ്

Web Desk
2 Min Read

ലണ്ടന്‍: സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്‌സ് 2026ല്‍ നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ്. വിമാനക്കമ്പനിയുടെ ഫൈവ് സ്റ്റാര്‍ പദവിയും നിലനിര്‍ത്തി.

city exchange

ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ്, മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനക്കമ്പനി, ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്, ലോകത്തിലെ മികച്ച ഓണ്‍ബോര്‍ഡ് വൈഫൈ എന്നീ വിഭാഗങ്ങളിലാണ് ഖത്തര്‍ എയര്‍വേസ് പുരസ്‌കാരങ്ങള്‍ നേടിയത്.

ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ് പുരസ്‌കാരം പതിമൂന്നാം തവണയാണ് ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കുന്നത്. മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനക്കമ്പനി പുരസ്‌കാരം പതിനാലാം തവണയും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് പുരസ്‌കാരം എട്ടാം തവണയും നേടി. ലോകത്തിലെ മികച്ച ഓണ്‍ബോര്‍ഡ് വൈഫൈ പുരസ്‌കാരം ആദ്യമായാണ് ഒരു വിമാനക്കമ്പനിക്ക് ലഭിക്കുന്നത്. ഈ നേട്ടവും ഖത്തര്‍ എയര്‍വേസിനാണ്.

യാത്രക്കാര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കുക, ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കുക, വിമാനത്തിനുള്ളില്‍ തടസ്സമില്ലാത്ത കണക്ടിവിറ്റി ഒരുക്കുക, ആഗോള ശൃംഖലയിലുടനീളം പ്രവര്‍ത്തന മികവ് നിലനിര്‍ത്തുക തുടങ്ങിയ മേഖലകളില്‍ ഖത്തര്‍ എയര്‍വേസ് പുലര്‍ത്തുന്ന പ്രതിബദ്ധതയാണ് പുരസ്‌കാരങ്ങളും ഫൈവ് സ്റ്റാര്‍ പദവിയും പ്രതിഫലിപ്പിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

- Advertisement -
Ad image

ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹമദ് അല്‍ ഖാത്തര്‍ പറഞ്ഞു: ”സ്‌കൈട്രാക്‌സിന്റെ നാല് വേള്‍ഡ് എയര്‍ലൈന്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചതില്‍ അഭിമാനമുണ്ട്. പതിമൂന്നാം തവണ ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ് പുരസ്‌കാരം നേടാനായതും ലോകത്തിലെ മികച്ച ഓണ്‍ബോര്‍ഡ് വൈഫൈയ്ക്കുള്ള ആദ്യ പുരസ്‌കാരം ലഭിച്ചതും പ്രത്യേക നേട്ടങ്ങളാണ്. ഈ പുരസ്‌കാരങ്ങള്‍ ഞങ്ങളുടെ ജീവനക്കാര്‍ക്കുള്ളതാണ്. 60,000 സഹപ്രവര്‍ത്തകര്‍ ഓരോ ദിവസവും യാത്രക്കാര്‍ക്ക് ലോകത്തിലെ മികച്ച അനുഭവം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നു. പ്രത്യേകിച്ച് വെല്ലുവിളികള്‍ നിറഞ്ഞ ഒരു വര്‍ഷത്തിലും അവര്‍ ഈ മികവ് നിലനിര്‍ത്തി.”

ശൈത്യകാലത്ത് മിഡില്‍ ഈസ്റ്റിലുടനീളമുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേസ് വിപുലീകരിച്ചിട്ടുണ്ട്. പ്രതിദിന വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനവുണ്ടായതായും കമ്പനി അറിയിച്ചു.

ഗ്രൂപ്പിലുടനീളമുള്ള ജീവനക്കാരുടെ അര്‍പ്പണബോധവും മികവിനായുള്ള പരിശ്രമവും ലോകമെമ്പാടുമുള്ള യാത്രക്കാരുടെ തുടര്‍ച്ചയായ വിശ്വാസവും പിന്തുണയുമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നിലെന്നും അന്താരാഷ്ട്ര വ്യോമയാന രംഗത്ത് മികവിന്റെ മാതൃകയായി ഖത്തര്‍ എയര്‍വേസിന്റെ സ്ഥാനം ഉറപ്പിക്കുന്നതാണ് പുതിയ പുരസ്‌കാരങ്ങളെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!