
ന്യൂഡല്‍ഹി: കനത്ത നഷ്ടം നേരിടുന്ന ടാറ്റാ ഗ്രൂപ്പിന്റെ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ലയിപ്പിക്കാന്‍ നീക്കം. ലയനത്തിലൂടെ നഷ്ടത്തില്‍ കുറവു വരുത്താനാവുമെന്നാണ് കമ്പനിയുടെ പുതിയ സി ഇ ഒ ടെവോള്‍ഡെ ഗെബ്രെയ്മറിയം പ്രതീക്ഷിക്കുന്നത്.

രണ്ട് വ്യത്യസ്ത ഓപ്പറേറ്റിംഗ് പെര്‍മിറ്റുകളുമായി രണ്ട് വിമാനക്കമ്പനികള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടെവോള്‍ഡെ വിശദീകരണം തേടിയിട്ടുണ്ട്. ഒറ്റ വിമാനക്കമ്പനിയായി പ്രവര്‍ത്തിച്ചാല്‍ നിയന്ത്രണപരമായ നടപടിക്രമങ്ങള്‍ കുറയ്ക്കാനും രണ്ട് കമ്പനികള്‍ക്കായി പ്രത്യേകം മാനേജര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഭരണവിഭാഗം ജീവനക്കാര്‍ എന്നിവരെ നിലനിര്‍ത്തേണ്ട സാഹചര്യം ഒഴിവാക്കാനും കഴിയുമെന്നാണ് ടെവോള്‍ഡെയുടെ വിലയിരുത്തല്‍.

ഇരുകമ്പനികളും ലയിക്കണമെങ്കില്‍ മേല്‍നോട്ട ബോര്‍ഡിന്റെ അംഗീകാരം വേണ്ടതുണ്ട്. അതോടൊപ്പം ലയിച്ചാലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്ന ബ്രാന്‍ഡ് പേര് നിലനിര്‍ത്താന്‍ ആലോചനയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ 22,000 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്.
അതോടൊപ്പം എയര്‍ ഇന്ത്യയുടെ കാര്‍ഗോ ശേഷിയുടെ കുറഞ്ഞ ഉപയോഗം സംബന്ധിച്ചും ടെവോള്‍ഡെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബിസിനസ് വളര്‍ച്ചയില്‍ കാര്‍ഗോ മേഖല നിര്‍ണായകമായിരുന്നു. വിമാനങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കണമെന്നും അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആഫ്രിക്കയിലെ ഏറ്റവും വലുതും ലാഭകരവുമായ വിമാനക്കമ്പനികളിലൊന്നായി എത്യോപ്യന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിനെ വളര്‍ത്തിയെടുത്ത അനുഭവമാണ് 61കാരനായ ടെവോള്‍ഡെയെ എയര്‍ ഇന്ത്യയുടെ സി ഇ ഒ ആയി നിയമിക്കാന്‍ കാരണമായത്. ടെവോള്‍ഡെ ഈ മാസം ഔദ്യോഗികമായി കമ്പനിയില്‍ ചുമതലയേറ്റെങ്കിലും വിദേശ പൗരനായതിനാല്‍ എയര്‍ ഇന്ത്യയുടെ സി ഇ ഒ സ്ഥാനത്ത് തുടരാന്‍ ഇന്ത്യന്‍ നിയന്ത്രണ ഏജന്‍സികളുടെ അനുമതി ലഭിക്കേണ്ടതുണ്ട്.
എയര്‍ ഇന്ത്യ 2007ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിച്ചിരുന്നു. 2022ല്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തതിനു പിന്നാലെ കമ്പനിയുടെ ബ്രാന്‍ഡ് ഘടനയിലും മാറ്റങ്ങളുണ്ടായി. നാല് ബ്രാന്‍ഡുകളെ രണ്ടാക്കി ചുരുക്കിയതോടെയാണ് നിലവിലെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഘടന രൂപപ്പെട്ടത്.
കമ്പനി ഒന്നാക്കി ചുരുക്കിയാലും വ്യോമയാന മേഖലയിലെ നിരവധി പ്രതിസന്ധികള്‍ മറ്റു വിമാനക്കമ്പനികള്‍ പോലെ എയര്‍ ഇന്ത്യയും നേരിടുന്നുണ്ട്. പാകിസ്താന്റെ വ്യോമപാത ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് തുറക്കാത്തതും മധ്യപൂര്‍വദേശത്തെ സംഘര്‍ഷവും ഉള്‍പ്പെടെ നിരവധി വെല്ലുവിളികളാണ് എയര്‍ ഇന്ത്യ നേരിടുന്നത്. വ്യോമപാത നിയന്ത്രണങ്ങളും സംഘര്‍ഷ സാഹചര്യങ്ങളും യാത്രാ മേഖലയെ ബാധിച്ചതിനൊപ്പം ഇന്ധനച്ചെലവും ഉയര്‍ത്തിയിട്ടുണ്ട്.

