

കൊളംബോ: കടലാസ് ക്ഷാമത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ റദ്ദാക്കി. കടലാസ് ഇറക്കുമതി ചെയ്യാന്‍ വിദേശനാണ്യം ഇല്ലാത്തതാണ് പരീക്ഷ റദ്ദാക്കുന്നതിലേക്കെത്തിയത്.

വിദേശനാണ്യത്തിന്റെ കുറവിനെ തുടര്‍ന്ന് കടലാസ് മാത്രമല്ല ഭക്ഷണം, ഇന്ധനം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി അത്യാവശ്യ വസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യാനാവാതെ അവയുടെ കുറവ് അനുഭവിക്കുകയാണ് ശ്രീലങ്ക.

പലചരക്ക് സാധനങ്ങള്‍ക്കും എണ്ണയ്ക്കുമായി നീണ്ട ക്യൂവാണ് രാജ്യത്ത് പ്രത്യക്ഷപ്പെടുന്നത്. വൈദ്യുതി വിതരത്തില്‍ സര്‍ക്കാര്‍ തടസ്സമുണ്ടാക്കുകയും പാല്‍പ്പൊടി, പഞ്ചസാര, പയര്‍, അരി എന്നിവയ്ക്ക് റേഷനിംഗ് ഏര്‍പ്പെടുത്തുകയും ചെയ്തു.
1948ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. കടലാസ് ക്ഷാമം രൂക്ഷമായതോടെയാണ് തിങ്കളാഴ്ച മുതല്‍ നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുന്നതായി അധികൃതര്‍ അറിയിച്ചത്.
വഷളായിക്കൊണ്ടിരിക്കുന്ന വിദേശ കട പ്രതിസന്ധി പരിഹരിക്കാനും ബാഹ്യകരുതല്‍ ധനം വര്‍ധിപ്പിക്കാനും ഐ എം എഫില്‍ നിന്നും 22 ദശലക്ഷം വായ്പയെടുക്കുമെന്ന് ശ്രീലങ്ക ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ അപ്രതീക്ഷിത അഭ്യര്‍ഥന പരിഗണിക്കുന്നതായി ഐ എം എഫ് അറിയിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ശ്രീലങ്ക ചൈനയോട് സഹായം അഭ്യര്‍ഥിച്ചിരുന്നെങ്കിലും അനുകൂലമായ പ്രതികരണം ലഭ്യമായിട്ടില്ല.
ഏകദേശം 6.9 ബില്യന്‍ ഡോളര്‍ കടം കൊളംബോ ഈ വര്‍ഷം തീര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഫെബ്രുവരി അവസാനത്തോടെ രാജ്യത്തെ വിദേശ നാണ്യ ശേഖരം ഏകദേശം 2.3 ബില്യന്‍ ഡോളറായിരുന്നു.

