
ദോഹ: അഫ്ഗാനിസ്ഥാനിലെ സര്‍ക്കാര്‍ രൂപീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ ഉള്‍പ്പെടെ ആറു രാജ്യങ്ങളെ ക്ഷണിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍, പാകിസ്താന്‍ എന്നിവയാണ് മറ്റുള്ള രാജ്യങ്ങള്‍.

പുതിയ മന്ത്രിസഭയുടെ രൂപീകരണത്തിനുള്ള നടപടിക്രമങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
പാശ്ചാത്യ രാജ്യങ്ങള്‍ക്കും താലിബാനുമിടയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയും ചെയ്തത് ഖത്തറിന് നേട്ടമായെന്നാണ് വിലയിരുത്തപ്പെടുന്നത്. യു എസ് സൈന്യം പിന്മാറിയതോടെ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കാന്‍ തുര്‍ക്കി, ഖത്തര്‍ രാജ്യങ്ങളില്‍ നിന്നാണ് സാങ്കേതിക സംഘം എത്തിയത്.

ആഗോള സമൂഹവും അഫ്ഗാന്‍ ജനതയും അംഗീകരിക്കുന്ന ഭരണം നിര്‍വഹിക്കാനാണ് താലിബാന്‍ ശ്രമിക്കുകയെന്ന് താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
താലിബാനോട് അനുകൂല നിലപാട് സ്വീകരിച്ച ആദ്യ രാജ്യമാണ് റഷ്യ. ക്രമസമാധാനം ഫലപ്രദമായി ഉറപ്പാക്കാന്‍ താലിബാന് പിന്തുണ നല്കുമെന്നു പറഞ്ഞ റഷ്യ അഫ്ഗാനിസ്ഥാനില്‍ പ്രത്യേക പ്രതിനിധിയെ നിയമിച്ചിരുന്നു.
താലിബാന്‍ ഏറ്റവും അടുത്ത കക്ഷിയായി വാഴ്ത്തിയ രാജ്യമാണ് ചൈന. അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും വിഭവങ്ങള്‍ ഉപയോഗപ്പെടുത്താനും സഹായിക്കണമെന്ന് താലിബാന്‍ ചൈനയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
ആഗോള വിപണികളിലേക്കുള്ള മാര്‍ഗ്ഗമായി ചൈനയെ ഉപയോഗപ്പെടുത്താമെന്നാണ് താലിബാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ താലിബാന്‍ ക്ഷണിച്ചെന്ന വാര്‍ത്തയോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

താലിബാന് പിന്തുണ നല്കിയതിന് നേരത്തെ തന്നെ കുറ്റം ചുമത്തപ്പെട്ട രാജ്യമാണ് പാകിസ്താന്‍. താലിബാന്‍ ഉപയോഗിക്കുകയും താലിബാനെ ഉപയോഗിക്കുകയും ചെയ്യുന്ന പാകിസ്താന് ഇപ്പോഴത്തെ അവരുടെ വിജയത്തില്‍ വലിയ പങ്കുണ്ട്. അഫ്ഗാനിസ്ഥാനിലെ അടിമച്ചങ്ങല താലിബാന്‍ തകര്‍ത്തുവെന്നാണ് കാബൂള്‍ കീഴടക്കിയപ്പോള്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനും പാകിസ്താനും ചേര്‍ന്ന് അയല്‍രാജ്യങ്ങളുടെ വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കുകയാണ് ചെയ്തത്.


