

പയ്യന്നൂര്‍: എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തില്‍ പെരുമ്പ ക്ലസ്റ്റര്‍ സര്‍ഗലയം വര്‍ണ്ണാഭമായ വിവിധ പരിപാടികളോടെ രാമന്തളി മര്‍ഖല്‍ ഇസ്‌ലാം മദ്രസ്സ അങ്കണത്തില്‍ അരങ്ങേറി. മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സി എം ടി മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. സയ്യിദ് സൈതലവി കോയ തങ്ങള്‍ ബുഖാരി അല്‍ ബാഖവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

കുട്ടികളുടെ സര്‍ഗ്ഗവാസനയും വിജ്ഞാനവും പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ മത്സരങ്ങളില്‍ പെരുമ്പ, കവ്വായി, രാമന്തളി, എട്ടിക്കുളം, കാറമേല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ മലയാളം ഇംഗ്ലീഷ് പ്രസംഗം, മദ്ഹ് റസൂല്‍, അറബി, ഇംഗ്ലീഷ് ഗാനങ്ങള്‍, പടപ്പാട്ട്, കഥാപ്രസംഗം, ഹിഫ്‌ള്, ഖിറാഅത്ത്, മലയാളം, ഇംഗ്ലീഷ് കവിത രചന, പെന്‍സില്‍ വര, കഥയെഴുത്ത് എന്നീ മത്സരങ്ങളില്‍ മാറ്റുരച്ചു.

എസ് കെ എസ് എസ് എഫ് കവ്വായി ശാഖ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും രാമന്തളി ശാഖ റണ്ണേര്‍സ് അപ്പും കരസ്ഥമാക്കി. ജമാഅത്ത് ജനറല്‍ സെക്രട്ടറി കെ കെ സി അബ്ദുല്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ് ട്രോഫി കവ്വായി ടീമിനും കക്കുളത്ത് അബ്ദുല്‍ ഖാദര്‍ റണ്ണേര്‍സ് അപ് ട്രോഫി രാമന്തളി ടീമിനും കൈമാറി.
എം കെ മഖ്സൂദ്, എം സി റിയാസ്, സി എ മുഹമ്മദലി, ത്വയ്യിബ്, മുഷ്ത്താഖ്, റാഹില്‍, മുസ്വദിഖ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

