ചെറുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും തോന്നിയപോലെ ഓടുന്നു; പുക്കാട്ടുപടി വണ്‍വേ അട്ടിമറിക്കപ്പെടുന്നു

Web Desk
1 Min Read

ആലുവ: പുക്കാട്ടുപടിയില്‍ നടപ്പാക്കിയ വണ്‍വേ സംവിധാനം അട്ടിമറിക്കപ്പെടുന്നു. ചെറുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും തോന്നിയപോലെ ഓടുന്നതാണ് പ്രശ്‌നം. ശാസ്ത്രീയമായി നടപ്പിലാക്കിയ വണ്‍വേ സംവിധാനം പൂക്കാട്ടുപടി കവലക്ക് വളരെ ഫലപ്രദമായിരുന്നു. വാഹന കുരുക്ക് ഇല്ലാതാക്കാന്‍ ഇതുമൂലം സാധിച്ചിരുന്നു. വണ്‍വേ സംവിധാനം വരുന്നതിന് മുന്‍പ് ഇവിടെ എന്നും ഗതാഗത കുരുക്കായിരുന്നു. ഇതുമൂലം കവലയില്‍ യാത്രക്കാരും വ്യാപാരികളും ഒരുപോലെ ദുരിതമനുഭവിക്കുകയായിരുന്നു.

city exchange

വണ്‍വേ സംവിധാനം യാഥാര്‍ഥ്യമായതോടെ പൂക്കാട്ടുപടി കവലയില്‍ ഇപ്പോള്‍ അശേഷം പോലും കുരുക്കില്ല എന്നു തന്നെ പറയാം. അതിനിടയിലാണ് ചിലരുടെ വണ്‍വേ തെറ്റിച്ചുള്ള തെമ്മാടിത്തം. എതിരെ വണ്ടി വരില്ല എന്ന ധാരണയില്‍ വരുന്ന വണ്ടികളുടെ മുന്നിലേക്കാണ് തുമ്പിയെ പോലെ പാറി വരുന്ന ഇരുചക്ര വാഹനങ്ങള്‍ ചാടുന്നത്. അതിന് പുറമെ ഓട്ടോറിക്ഷകളും സ്വകാര്യ കാറുകളും അപ്രതീക്ഷിതമായി എതിര്‍ ദിശയില്‍ കടന്നുവരികയാണ്. ഭാഗ്യം കൊണ്ടാണ് അപകടങ്ങള്‍ ഒഴിയുന്നത്. വണ്‍വേ തെറ്റിച്ച് വരുന്നതിനെ ആരെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ മോശം സംസാരമാണ് ഇത്തരക്കാരില്‍ നിന്നുണ്ടാകുന്നത്.

സ്ഥിരമായി യാത്ര ചെയ്യുന്ന ചിലര്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പല പ്രാവശ്യം എടത്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വണ്‍വേ തെറ്റിച്ച് വരുന്ന വാഹനങ്ങളുടെ ചിത്ര സഹിതം പരാതിപ്പെട്ടു. എന്നാല്‍, യാതൊരു നടപടിയും ഉണ്ടായില്ല. ആലുവ റൂറല്‍ എസ് പി ഓഫിസില്‍ അറിയിച്ചിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള യാത്രികര്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കുന്നവരാണ്. സ്ഥിരമായി കവലയില്‍ കാവല്‍ നില്‍ക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹോം ഗാര്‍ഡുകളെ നിയമിക്കുകയാണ് വേണ്ടതെന്നും പൊലീസ് പറയുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!